കൊല്ലം∙ കെഎസ്ആർടിസി സൗജന്യയാത്രാ പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണത് പഴ്സനൽ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ. പഴ്സനൽ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ, കോൺഗ്രസ് പ്രവർത്തകയുടെ കൈതട്ടി മന്ത്രിയുടെ തലയിലേക്ക് പായസം വീഴുകയായിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവന്നു.
മന്ത്രി പരാതി നൽകിയിട്ടില്ല. സ്പെഷൽ ബ്രാഞ്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് കൈമാറും. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പായസവിതരണം ഉണ്ടായിരുന്നു. പായസം ബസിനകത്ത് വിതരണം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ തലയിൽ വീണത്. ബസിനുള്ളിൽ വലിയ തിരക്കായിരുന്നു. മുദ്രാവാക്യം വിളിച്ച പ്രവർത്തകയുടെ കൈ തട്ടി പായസം മന്ത്രിയുടെ ദേഹത്തേക്ക് വീണതോടെ നിലവിളിച്ചുകൊണ്ട് സീറ്റിൽനിന്ന് മന്ത്രി ചാടി എഴുന്നേറ്റു.
ഒപ്പമുണ്ടായിരുന്നവർ ഷാളും മറ്റും ഉപയോഗിച്ച് മുഖവും തലയും വൃത്തിയാക്കി. ഇതിനിടെ മന്ത്രി ദേഷ്യപ്പെടുകയും ചെയ്തു. തുടർന്ന് ചിന്നക്കട വരെ ബസിൽ യാത്ര ചെയ്ത് മന്ത്രി മടങ്ങുകയായിരുന്നു.














