പുണെ∙ മഹാരാഷ്ട്രയിലെ നസ്രപ്രുരിൽ മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. ഭീംറാവു കാംബ്ലിക്കാണ് (65) മഹാരാഷ്ട്രയിലെ സെഷൻസ് കോടതി സ്പെഷൽ ജഡ്ജി എസ്.ആർ.ശാലുൻഖെയുടേതാണ് വിധി. അപൂർവങ്ങളിൽ അപൂർവമാണ് കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രതി കുറ്റക്കാരനാണെന്ന് സാഹചര്യ, ഫൊറൻസിക് തെളിവുകളിൽ നിന്ന് വ്യക്തമായതായും കോടതി പറഞ്ഞു.
മേയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. അവധിക്കാലത്ത് നസ്രപുരിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു കുഞ്ഞ്. തെരുവിലൂടെ നടക്കവേ പലഹാരങ്ങൾ നൽകാമെന്നു പറഞ്ഞ് ഭീംറാവു കാംബ്ലിയെ കുട്ടിയെ പ്രലോഭിപ്പിച്ചുകൊണ്ട് പോകുകയായിരുന്നു. പശുക്കുട്ടിയെ കാട്ടിക്കൊടുക്കാമെന്നും പറഞ്ഞു. തുടർന്ന് ഇയാൾ കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന് വലിയ പ്രതിഷേധമാണുയർന്നത്.
15 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ 55 സാക്ഷികളെ വിസ്തരിച്ചു. നേരത്തെ 62കാരിയെയും 17കാരിയെയും ഒരു മൃഗത്തെയും ലൈംഗികമായി ഉപദ്രവിച്ചെന്ന കേസും ഭീംറാവു കാംബ്ലിയുടെ പേരിലുണ്ട്.














