Kerala

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്: സിംകാര്‍ഡ് ഉടമയെ തിരിച്ചറിഞ്ഞെന്ന് സൂചന

പണം നല്‍കിയാല്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎല്‍എ വിദ്യ ബാലകൃഷ്ണനെ ഫോണില്‍ വിളിച്ച്‌ പറ്റിക്കാൻ ശ്രമിച്ച സംഭവത്തില്‍ നിർണായക വഴിത്തിരിവ്.കേസ് അന്വേഷിക്കുന്ന സൈബർ സെല്‍ പോലീസ് സംഘം പ്രതികളിലേക്ക് എത്തുന്നതിനായി ഡല്‍ഹിയിലേക്ക് തിരിക്കും.തട്ടിപ്പിനായി ഉപയോഗിച്ച സിം കാർഡ് ഉടമയെക്കുറിച്ച്‌ പോലീസിന് സൂചന ലഭിച്ചതായാണ് വിവരം. ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പ്രഫഷണല്‍ സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഈ മാസം ആറിനാണ് എംഎല്‍എയ്ക്ക് ദുരൂഹമായ വാട്സ്ആപ്പ് കോള്‍ ലഭിക്കുന്നത്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും, മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നുമായിരുന്നു വിളിച്ചയാളുടെ വാഗ്ദാനം. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാരൻ സംസാരിച്ചത്. കേരളത്തിലെ ഒരു എംപിയാണ് വിദ്യ ബാലകൃഷ്ണന്റെ ഫോണ്‍ നമ്പർ നല്‍കിയതെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.തട്ടിപ്പ് മണത്തറിഞ്ഞ എംഎല്‍എ പണം നല്‍കാൻ തയാറാണെന്ന രീതിയില്‍ അഭിനയിച്ച്‌ തട്ടിപ്പുകാരെ കെണിയിലാക്കുകയായിരുന്നു. തുടർന്ന്, തന്റെ നമ്പർ നല്‍കിയെന്ന് തട്ടിപ്പുകാരൻ അവകാശപ്പെട്ട കേരളത്തിലെ എംപിയെ വിദ്യ ബാലകൃഷ്ണൻ നേരിട്ട് വിളിച്ച്‌ കാര്യങ്ങള്‍ തിരക്കി. എഐസിസി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ജില്ലയിലെ രണ്ട് എംഎല്‍എമാരുടെ നമ്പർ കൈമാറിയിരുന്നുവെന്നും ഈ എംപി സ്ഥിരീകരിച്ചു.ഇതോടെ സംശയം ബലപ്പെട്ട ഇരുവരും വയനാട് എംപിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടു. ഓഫീസില്‍ നിന്ന് അത്തരം കോളുകളൊന്നും പോയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഈ മാസം 11-ന് എംഎല്‍എ ഔദ്യോഗികമായി സൈബർ സെല്ലിനെ സമീപിച്ചത്.ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഉറവിടം ഡല്‍ഹിയിലാണെന്ന് സൈബർ പോലീസ് കണ്ടെത്തിയത്. പ്രതികളെ ഉടൻ തന്നെ വലയിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.