Kerala

30 കിലോമീറ്റർ ദൂരം കുറവ്, ഒരു മണിക്കൂർ ലാഭം; താമരശേരി ചുരം ഒഴിവാക്കി യാത്ര

ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി ഇരട്ട തുരങ്കപ്പാതയുടെ നിർമാണം ഏറ്റെടുത്ത കമ്പനികളുമായി കരാർ ഒപ്പിടാൻ നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേയ്ക്ക് സംസ്ഥാന സർക്കാർ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന നിബന്ധനകൾ പാലിച്ചു വേണം കരാർ വ്യവസ്ഥകളെന്നും പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു നൽകിയ അനുമതിപത്രത്തിൽ വ്യക്തമാക്കുന്നു. ജുലൈയിൽ പദ്ധതിയുടെ ഉദ്ഘാടനം നടത്താനാണ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട്, വയനാട് ജില്ലകളിൽ എവിടെയായിരിക്കും ചടങ്ങ് എന്ന് തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൊങ്കൺ റെയിൽവെ അധികൃതരും സർക്കാരിൽ നിന്ന് വ്യക്തത തേടിയിട്ടുണ്ടെന്നാണ് സൂചന. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ സംയുക്ത കരാറിലാണ് നിർമാണം നടക്കുക. ഭോപ്പാൽ ആസ്ഥാനമായുള്ള ദിലിപ് ബിൽഡ്കോൺ (തുരങ്ക നിർമാണം), കൊൽക്കത്ത ആസ്ഥാനമായുള്ള റോയൽ ഇൻഫ്രാസ്ട്രക്ചർ (അനുബന്ധ റോഡും പാലങ്ങളും) എന്നീ കമ്പനികളാണ് കരാറെടുത്തത്. 2,134 കോടി രൂപയാണ് പദ്ധതി ചെലവ്. ടെണ്ടർ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു.

വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ ∙പദ്ധതി ലക്ഷ്യം: കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആനക്കാംപൊയിലിൽ നിന്ന് കള്ളാടി വഴി മേപ്പാടിയിലേക്ക് നിർമ്മിക്കുന്ന ഇരട്ടത്തുരങ്കപ്പാത കാര്യക്ഷമവും സുരക്ഷിതവുമായ യാത്രാസൗകര്യം ഒരുക്കും. നിലവിലുള്ള താമരശ്ശേരി ചുരം പാതയിലെ ഗതാഗതക്കുരുക്കും അപകടസാധ്യതകളും ഒഴിവാക്കി, എല്ലാ കാലാവസ്ഥയിലും ആശ്രയിക്കാവുന്ന ഒരു ബദൽ മാർഗ്ഗമാണ് 8.735 കിലോമീറ്റർ ദൈർഘ്യമുള്ള ഈ നാലുവരി തുരങ്കപ്പാതയിലൂടെ (8.11 കി.മീ തുരങ്കം) ലക്ഷ്യമിടുന്നത്. ∙ യാത്രാ സമയം: നിലവിലെ ചുരം പാതയേക്കാൾ ഏകദേശം 30 കിലോമീറ്റർ ദൂരം കുറവായിരിക്കുമെന്നാണ് പ്രതീക്ഷ. ഇത് യാത്രക്കാരുടെയും ചരക്കുനീക്കത്തിന്റെയും സമയനഷ്ടം കുറയ്ക്കുന്നതിനൊപ്പം ഇന്ധനച്ചെലവിലും വലിയ ലാഭമുണ്ടാക്കും. നിലവിൽ കോഴിക്കോട്ട് നിന്ന് മേപ്പാടിയിൽ എത്താൻ രണ്ടര മണിക്കൂർ എടുക്കുന്നത് തുരങ്കപ്പാതയിൽ ഒന്നര മണിക്കൂറായി കുറയും. ∙ പ്രയോജനം: പ്രാദേശിക വ്യാപാരത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും പാത മുതൽക്കൂട്ടാകും. കാർഷിക, വ്യാവസായിക, വിനോദസഞ്ചാര മേഖലകളിൽ പുതിയ സാധ്യതകൾ തുറക്കപ്പെടും. ചികിൽസാ സൗകര്യങ്ങൾ അപര്യാപ്തമായ വയനാട്ടുകാർക്ക് കോഴിക്കോട്ടേക്ക് കുറഞ്ഞ സമയത്തിൽ എത്തിപ്പെടാം. കോഴിക്കോട്, വയനാട് ജില്ലകളിലെ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ വിപണിയിലെത്താനും വിനോദസഞ്ചാരികൾക്ക് സുഗമമായി യാത്ര ചെയ്യാനും സാധിക്കും. കോഴിക്കോട്-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമാകുന്നതോടെ വലിയ സാമ്പത്തിക മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ∙ തൊഴിലവസരങ്ങൾ: നിർമ്മാണ ഘട്ടത്തിലും (940 പേർക്ക്) പിന്നീടും പ്രത്യക്ഷമായും (60 പേർക്ക്) പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ∙ കുറഞ്ഞ പരിസ്ഥിതി ആഘാതം: കരട് ഇ.ഐ.എ റിപ്പോർട്ട് പ്രകാരം, പദ്ധതിക്കായി ഏറ്റെടുക്കുന്ന 17.263 ഹെക്ടർ വനഭൂമിയിൽ ഭൂരിഭാഗവും (16.269 ഹെക്ടർ) തുരങ്കത്തിന് മുകളിലുള്ള ഭാഗമായതിനാൽ ഭൂനിരപ്പിലെ വനനശീകരണം താരതമ്യേന കുറവായിരിക്കും. ഏറ്റെടുക്കുന്നതിനു പകരം 17.53 ഹെക്ടർ ഭൂമി വനമാക്കും. നിലവിലെ ചുരം റോഡിലെ ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന അധിക മലിനീകരണം ഒഴിവാക്കാം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.