Kerala

ഗൾഫിൽ നിന്നെത്തി, പ്രതിശ്രുത വധുവിനെ കാണാൻ പോയി; ചതുപ്പ് നിലത്തിൽ അവശനിലയിൽ യുവാവ്

മാന്നാർ (ആലപ്പുഴ)∙ രണ്ടു ദിവസം മുൻപ് കാണാതായ യുവാവിനെ ആളൊഴിഞ്ഞ ചതുപ്പ് നിലത്തിൽ അവശനിലയിൽ കണ്ടെത്തി. രാത്രി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതാകാം എന്നാണു നിഗമനം. ബുധനൂരിലെ ജനപ്രതിനിധിയാണു യുവാവിന്റെ രക്ഷകനായെത്തിയത്.

ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻ നായരുടെ മകൻ വിഷ്ണു നായരെ (34) ആണ് എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്ത് റോഡിൽ നിന്നും 10 അടി താഴ്ചയുള്ള ചതുപ്പുനിലത്തിൽ അവശനിലയിൽ ഇന്നലെ വൈകിട്ട് കണ്ടെത്തിയത്.

കഴിഞ്ഞദിവസം ഗൾഫിൽ നിന്നെത്തിയ വിഷ്ണു ഞായറാഴ്ച വൈകിട്ട് ബുധനൂരിലെ വീട്ടിൽ നിന്ന് ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാൻ പോയി രാത്രി മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മകനെ കാണാനില്ലെന്നു കാട്ടി പിതാവ് രമണൻ നായർ മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

അതിനിടെ സിസിടിവിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിഷ്ണു സഞ്ചരിച്ച വഴിയിലൂടെ അന്വേഷിച്ചു പോകുന്നതിനിടെ എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്ത് ചതുപ്പ് നിലത്തിൽ കറുത്ത നിറത്തിലുള്ള ബൈക്ക് കണ്ടു. തുടർന്നു നടത്തിയ തിരച്ചിലിലാണ് അവശനിലയിലായ വിഷ്ണുവിനെ കണ്ടെത്തിയത്. വിഷ്ണുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൈക്ക് ഒടിവുണ്ടെങ്കിലും വിഷ്ണു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.