Kerala

വരുന്നു ശമ്പള വർധന, ശമ്പളക്കമ്മിഷനു പകരം കമ്മിറ്റി; അലവൻസും കൂടാം: നടപടികൾ വേഗത്തിലാക്കും

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള, പെൻഷൻ പരിഷ്കരണത്തിന് ഇക്കുറി കമ്മിഷനില്ല. പകരം ധന അഡിഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തും. കമ്മിറ്റിയെ നിയോഗിക്കുന്ന കാര്യം ധനവകുപ്പ് നേരത്തേ തന്നെ തീരുമാനിച്ചിരുന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഇനി പ്രഖ്യാപനം വൈകിപ്പിക്കില്ല. 2019 ഒക്ടോബറിലാണ് 11-ാം ശമ്പളക്കമ്മിഷനെ ഒന്നാം പിണറായി സർക്കാർ നിയമിച്ചത്. 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് 2021 മാർച്ച് മുതൽ വിതരണം ചെയ്തു.

2024 ജൂലൈ മുതൽ 12–ാം ശമ്പള പരിഷ്കരണം പ്രാബല്യത്തിലാകേണ്ടതാണെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം തീരുമാനം സർക്കാർ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. കഴിഞ്ഞ പരിഷ്കരണത്തിന്റെ കുടിശിക 4 ഗഡുക്കളായി വിതരണം ചെയ്യുമെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇനിയും 2 ഗഡുക്കൾ നൽകാൻ ബാക്കിയാണ്. കുടിശികയടക്കം 28% ക്ഷാമബത്ത (ഡിഎ) അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ച ശേഷം അതിന്റെ 10% തുക വർധിപ്പിച്ചു. ഇതിനായി ‘‘അടിസ്ഥാന ശമ്പളം x 1.38 = പുതിയ അടിസ്ഥാന ശമ്പളം’’ എന്ന ഫോർമുലയുണ്ടാക്കി. ഇതിനു സമാനമായ ഫോർമുല വച്ച് ശമ്പള പരിഷ്കരണം നടപ്പാക്കാമെന്നതിനാലാണ് ഇക്കുറി കമ്മിഷനെ നിയമിക്കേണ്ടെന്നു സർക്കാർ തീരുമാനിച്ചത്. അലവൻസുകളിലും വർധന പ്രതീക്ഷിക്കാം. ഇപ്പോൾ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയും കൂടിയ ശമ്പളം 1,66,800 രൂപയുമാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.