കൊച്ചി ∙ ഇടപ്പള്ളിയിൽ വയോധികയെ വീടിനുള്ളിൽ മുറിവേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ഇടപ്പള്ളി പ്രതീക്ഷ നഗർ റസിഡൻസ് അസോസിയേഷൻ സപ്തസ്വര വീട്ടിൽ വനജ (70)യെയാണു ശരീരത്തിൽ മുറിവുകളുമായി ചോരവാർന്നു കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിനു സമീപത്തു നിന്ന് ഒരു കത്തിയും കണ്ടെത്തി. വനജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാത്രി 9നുശേഷമാണ് ബന്ധുക്കൾ മൃതദേഹം കണ്ടെത്തിയത്. എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. സംഗീത അധ്യാപികയായിരുന്ന വനജ, ശാരീരിക അവശതകൾ മൂലം വീടിനു പുറത്ത് ഇറങ്ങാറുണ്ടായിരുന്നില്ല. വനജയുടെ അനിയത്തിയുടെ മകളും ഭർത്താവും ഒപ്പം താമസിച്ചിരുന്നു.
ഇരുവരും ജോലികഴിഞ്ഞു രാത്രി 9നു ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മൃതദേഹം കണ്ടത്. വനജയ്ക്കുവന്നു വാതിൽ തുറക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ വീടിന്റെ ഗേറ്റ് പൂട്ടാറുണ്ടായിരുന്നില്ല. ബന്ധുക്കൾ രാത്രി വാതിൽ തുറന്നപ്പോൾ രക്തം തളം കെട്ടിക്കിടക്കുന്നതാണ് കണ്ടത്. പിന്നീട് നോക്കിയപ്പോഴാണു മൃതദേഹം കണ്ടത്. വീട്ടിലെ വളർത്തുനായയും മുറിയിൽ ഉണ്ടായിരുന്നു. കൊലപാതകമെന്നു സംശയിക്കുന്നതായി എളമക്കര പൊലീസ് പറഞ്ഞു. വനജയുടെ ഭർത്താവ് പരേതനായ വാസു.














