Kerala

യുവതിയെ സഹോദരൻ അടിച്ചുകൊന്നത് വിഡിയോ കോൾ ചെയ്യുന്നതിനിടെ

തിരുവനന്തപുരം∙ മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നത് വിഡിയോ കോൾ ചെയ്തതിനെ തുടർന്നുള്ള തർക്കത്തെ തുടർന്നെന്ന് എഫ്ഐആർ. മറ്റൊരു കേസിൽ ഒളിവിൽ കഴിയാനാണു പ്രതിയായ ഷംഷാദ് (44) മണ്ണന്തലയിൽ വാടകയ്ക്കു വീടെടുത്തതെന്നും പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ഷെഫീനയുടെ (33) കുടുംബജീവിതം തകർന്നതിനു കാരണം മറ്റൊരാളുമായുള്ള വിഡിയോ കോളുകളാണ് എന്ന് സഹോദരന്‍ ഷംഷാദ് സംശയിച്ചിരുന്നെന്നും ഇതിനെച്ചൊല്ലി തർക്കമുണ്ടായെന്നുമാണ് വിവരം. ഷെഫീനയെ ഷംഷാദ് മർദിച്ചതറിഞ്ഞ് ശനിയാഴ്ച വൈകിട്ട് 5.15ന് ഇവരുടെ മാതാപിതാക്കൾ അപ്പാർട്മെന്റിൽ എത്തുമ്പോൾ കിടപ്പുമുറിയിലെ കട്ടിലിനു താഴെ ഷെഫീന ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ശരീരത്തിൽ മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. തുടർന്നു പൊലീസിൽ വിവരം അറിയിച്ചു. ഷെഫീനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷെഫീനയ്ക്കു 2 മക്കളുണ്ട്. ചെമ്പഴന്തി അണിയൂരിൽ വച്ചുള്ള അടിപിടി കേസിലും പ്രതിയാണ് ഷംഷാദ്. മണ്ണന്തല മരുതൂർ റോഡിനു സമീപം ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു ഒളിവില്‍ കഴിയുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ ചികിത്സാ ആവശ്യത്തിനെന്നു പറഞ്ഞു സഹോദരി ഷെഫീനയെയും ഒപ്പം കൂട്ടി. ഇവിടെവച്ച് ഷെഫീന വിഡിയോ കോൾ ചെയ്യുന്നതു കണ്ടതാണു പ്രകോപന കാരണം എന്ന് ഷംഷാദ് മൊഴി നൽകി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സുഹൃത്തായ വിശാഖിനെയും കൂട്ടി ഫ്ലാറ്റിലെത്തി. തര്‍ക്കത്തിനൊടുവില്‍ സഹോദരിയെ ക്രൂരമായി മര്‍ദിച്ചു. ഇതിനിടെ വീട്ടിലെത്തിയ മാതാപിതാക്കൾ ഷെഫീനയെ ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ പ്രതി മനഃപൂര്‍വം ശ്രമിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. പൊലീസ് പിടികൂടിയ ഷംഷാദിന്‍റെ സുഹൃത്ത് വിശാഖിനു കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും കൊലപാതകം നടന്ന ഫ്ലാറ്റിലെത്തി തെളിവെടുത്തു. പ്രതികളെ വൈകിട്ട് കോടതിയിൽ ഹാജരാക്കും. ഈ മാസം 14നാണ് സഹോദരങ്ങള്‍ മണ്ണന്തലയിൽ വാടകയ്ക്കു താമസം തുടങ്ങിയത്. ഷെഫീനയുടെ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണു യുവതിയെ മുറിയിൽ വീണു കിടക്കുന്നതായി കണ്ടത്. പൊലീസ് എത്തിയപ്പോൾ തൊട്ടടുത്ത മുറിയിൽ ഷംസാദും സുഹൃത്ത് വിശാഖും മദ്യലഹരിയിലായിരുന്നു. യുവതിയുടെ ശരീരമാസകലം മാരക മുറിവുകളുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.