കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് പ്രചാരണം നൽകാനും അവബോധം വർധിപ്പിക്കാനുമായി കുടുംബശ്രീ മിഷന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ മാധ്യമ ശിൽപ്പശാല സംഘടിപ്പിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു ഉദ്ഘാടനം ചെയ്തു.
സ്ത്രീകൾ സ്വയംപര്യാപ്തരാവാൻ മുഖ്യപങ്ക് വഹിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അഭിപ്രായപ്പെട്ടു. കൽപ്പറ്റ ഹോളിഡേയ്‌സിൽ നടന്ന ശിൽപ്പശാല ദാരിദ്ര്യ നിർമാർജ്ജനം, സ്ത്രീ ശാക്തീകരണം, സാമൂഹ്യ വികസനം എന്നീ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുടുംബശ്രീ മിഷന്റെ വിവിധ പ്രവർത്തനങ്ങളും പദ്ധതികളും ചർച്ച ചെയ്തു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അവിഭാജ്യ ഘടകമായ കുടുംബശ്രീ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫണ്ട് കൈകാര്യം ചെയ്യുന്ന വകുപ്പാണ്.
കുടുംബശ്രീയുടെ ചെറുകിട സംരംഭങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വലിയ പങ്ക് വഹിക്കുന്നുണ്ട്. ജില്ലയിൽ
5539 സംരംഭങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിക്കുന്നു.
താഴെക്കിടയിൽ നിന്നും സംരംഭകരെ വളർത്തിയെടുക്കാൻ ജില്ലയിൽ 56 ഓളം മൈക്രോ എൻ്റർപ്രൈസ് കൺസൾട്ടൻ്റമാർ പ്രവർത്തിക്കുന്നുണ്ട്.
ചൂരൽമല-മുണ്ടക്കൈ ദുരന്ത ബാധിതർക്കായി സംസ്ഥാന കുടുംബശ്രീ മിഷൻ 20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
വിവിധ ബാങ്കുകളുടെ സഹകരണത്തോടെ ദുരന്തബാധിത പ്രദേശത്തെ 62 കുടുംബശ്രീ യൂണിറ്റുകൾക്ക് രണ്ട് ലക്ഷം രൂപ പലിശരഹിത വായ്പ അനുവദിക്കാൻ കുടുംബശ്രീ മിഷൻ തീരുമാനിച്ചിട്ടുണ്ട്.
വയോജന രോഗീ പരിചരണ മേഖലയില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതിയിലൂടെ ജില്ലയിൽ നിരവധി അംഗങ്ങൾക്ക് തൊഴിൽ ലഭ്യമായിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,
ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ, സ്കൂളുകളിൽ പാഠപുസ്തക വിതരണം, ജീവിതശൈലി രോഗ പരിശോധന സംവിധാനമായ സ്വാന്തനം, ടേക്ക് എ ബ്രേക്ക് എന്ന പദ്ധതിയിലൂടെ നടപ്പാക്കുന്ന വിശ്രമ കേന്ദ്രങ്ങൾ, വീട് നിർമാണ യൂണിറ്റുകൾ, സ്ത്രീശക്തീകരണത്തിനായി സ്നേഹിത ജൻഡർ ഹെൽപ് ഡെസ്ക്കുകൾ, തൊഴിൽ പരിശീലനങ്ങൾ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ കുടുംബശ്രീ നേതൃത്വത്തിൽ നടപ്പാക്കുന്നുണ്ട്.
കുടുംബശ്രീ വിഭവങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പോക്കറ്റ് മാർട്ട് ആപ്പ് വിപുലമായ സംവിധാനങ്ങളോടുകൂടി സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി കുടുംബശ്രീ അധികൃതർ അറിയിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി ബാലസുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർമാരായ
പി കെ സുഹൈൽ, ആർ അശ്വന്ത്, സുകന്യ ഐസക്, അർഷക് സുൽത്താൻ, പി ഹുദൈഫ്, ജെൻസൺ എം ജോയ്, ആശ പോൾ, കെ ജെ ബിജോയ്, നിഷ എസ്, സിഗാൾ തോമസ് തുടങ്ങിയവർ വിഷയാവതരണം നടത്തി.
പരിപാടിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റർ കെ സുമ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ റെജീന, കെ എം സലീന, ജില്ലാ പ്രോഗ്രാം മാനേജർ വി ജയേഷ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ടി എം ജെയിംസ് എന്നിവർ സംസാരിച്ചു.