Kalpetta

വിദ്യാർത്ഥികൾക്ക് ഭരണപാഠമൊരുക്കി വെള്ളമുണ്ട ഡിവിഷൻ

കൽപ്പറ്റ:
ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ലീഡർമാർക്ക് ഭരണസംവിധാനവും ലീഡർഷിപ്പും പഠിക്കാൻ കളക്ടറേറ്റിലേക്ക് ഭരണ പഠന യാത്ര സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ
വെള്ളമുണ്ട എട്ടേനാൽ ലൈബ്രറി പരിസരത്ത് നിന്നും പുറപ്പെട്ട ഭരണ പഠന യാത്ര വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.


ജില്ലാ ഭരണസംവിധാനവുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ നേരിട്ട് അറിയാനും പരിപാടി  അവസരമൊരുക്കി.
കളക്ടറേറ്റ് എ. പി. ജെ. ഹാളിൽ വിദ്യാർത്ഥികൾ ആസൂത്രണ സമിതി ഉപാധ്യക്ഷന്റെ മാതൃക തിരഞ്ഞെടുപ്പ് നടത്തി.
വേദിയിൽ സാമൂഹ്യ പ്രതിബന്ധതയെ കുറിച്ച് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.
തൃതല പഞ്ചായത്ത് ഭരണക്രമങ്ങളെയും ജനാധിപത്യ വ്യവസ്ഥയെയും കുറിച്ച് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശേരി നാരായണൻ വിശദീകരിച്ചു.


ആസൂത്രണ സമിതി പ്രക്രിയകളെ കുറിച്ച് പ്ലാനിങ് ഓഫീസർ കെ. എ. ശ്രീജിത്ത് ക്ലാസ്സ്‌ നൽകി.
സാമൂഹ്യ മാധ്യമങ്ങളും മാധ്യമങ്ങളും എങ്ങനെ വിദ്യാർത്ഥികൾ വിനിയോഗിക്കണമെന്ന് മാധ്യമ പ്രവർത്തകൻ ജിൻസ് വിശദീകരിച്ചു.
തുടർന്ന് കളക്ടറേറ്റിലെ വിവിധ വകുപ്പ് ഓഫീസുകൾ സന്ദർശിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ പ്രവർത്തന രീതികളെ കുറിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് നടപടിക്രമങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ  ജില്ലാ പഞ്ചായത്ത് ഭരണ സമിതി ഹാളിൽ മോക്ക് ഭരണ സമിതി തിരഞ്ഞെടുപ്പും യോഗവും സംഘടിപ്പിച്ചു.


വിദ്യാർത്ഥികളിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ, എ.ഡി.എം കെ ദേവകി, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി എന്നിവരുമായി വിദ്യാർത്ഥികൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
ലോക സമാധാനത്തിന് വേണ്ടി കളക്ടറേറ്റ് പരിസരത്ത് ധർണയും സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ജനപ്രതിനിധി എന്ന നിലയിൽ അഞ്ചു വർഷം പൂർത്തീകരിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് വിദ്യാർത്ഥികളുമായി സന്തോഷം പങ്കുവെച്ചു.
പുതിയ തലമുറയിൽ നല്ല ഭരണബോധം വളർത്താനും സാമൂഹിക ഉത്തരവാദിത്വം വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഭരണ പഠനയാത്ര സംഘടിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.

ഗ്രന്ഥകാരൻ ബിജു പോൾ, നോർക്ക ജില്ലാ കോ-ഓർഡിനേറ്റർ എൻ. ലികേഷ്, ഹാരിസ് എം, പി. അബ്ബാസ്, അഡ്വ.അംജദ്,എന്നിവർ സംസാരിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.