പുൽപ്പള്ളി: പുൽപ്പള്ളി-മാനന്തവാടി റൂട്ടിൽ ജനവാസ മേഖലയോട് ചേർന്ന വനാതിർത്തിയിൽ ബൈക്ക് യാത്രികർക്ക് നേരെ കടുവ പാഞ്ഞടുത്തു. കുറിച്ചിപ്പറ്റ കയറ്റത്തിന് സമീപം ഇന്നലെ രാവിലെ 8:15-ഓടെയാണ് സംഭവം. വീട്ടിമൂല സ്വദേശി ഷിജു, പെരുമ്പാലം സ്വദേശി രതീഷ് എന്നിവരാണ് കടുവയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
വീട്ടിമൂലയിൽ നിന്ന് പയ്യമ്പള്ളിയിലെ ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. കുറിച്ചിപ്പറ്റ കയറ്റത്തിന് സമീപം വെച്ച് കടുവ ഇവർക്ക് നേരെ ചീറിയടുക്കുകയായിരുന്നു. ബൈക്കിന് പിന്നാലെ വന്ന കാറിലെ യാത്രക്കാർ ഹോൺ മുഴക്കി ബഹളം വെച്ചതോടെയാണ് കടുവ പിന്തിരിഞ്ഞ് കാട്ടിലേക്ക് മടങ്ങിയത്.ഈ റോഡിന്റെ ഇരുവശങ്ങളിലും കാടുപിടിച്ച് കിടക്കുന്നതിനാൽ വന്യമൃഗങ്ങൾ റോഡരികിൽ നിൽക്കുന്നത് കാണാൻ സാധിക്കാത്ത അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി തവണ ഈ പ്രദേശത്ത് വാഹനങ്ങൾക്ക് നേരെ കടുവ പാഞ്ഞടുത്തിരുന്നു. കഴിഞ്ഞ ദിവസം കുറുവ ദ്വീപിലേക്ക് പോയ വിനോദസഞ്ചാരികളും കടുവയെ കണ്ടിരുന്നു.ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തുടർച്ചയായി ഭീതി സൃഷ്ടിക്കുന്ന കടുവയെ കൂടുവെച്ച് പിടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ വനംവകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.