വിലയേറിയ കാർ വാങ്ങിയത് സ്വന്തം പേരിൽ ലോൺ എടുത്താണെന്ന് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. അച്ഛന്റെ പണം അച്ഛനും അമ്മയ്ക്കും റിട്ടയർമെന്റ് ജീവിതത്തിനും സഹോദരിമാരുടെ വിവാഹം നടത്താനുമാണെന്നും മാധവ് സുരേഷ് പറയുന്നു. സുരേഷ് ഗോപിയുടെ മകൻ ആണെന്നുള്ള പ്രിവിലേജ് ഉണ്ടെങ്കിലും പണിയെടുത്ത് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. തനിക്ക് എന്നെങ്കിലും ഒരു ബുദ്ധിമുട്ട് വന്നാൽ അച്ഛൻ ഉണ്ടാക്കിയ സാമ്പത്തിക സുരക്ഷിതത്വം സഹായിക്കും, പക്ഷേ ആ പ്രിവിലേജ് എല്ലാവര്‍ക്കും ഉണ്ടാകില്ല എന്നറിയാമെന്ന് മാധവ് പറയുന്നു. അച്ഛൻ ബിജെപി മന്ത്രിയായതുകൊണ്ടാണ് തനിക്കെതിരെ ഹേറ്റ് കമന്റുകൾ വരുന്നതെന്നും തന്നെ ട്രോള്‍ ചെയ്യുന്നവരോട് ദേഷ്യമില്ലെന്നും മൈൽസ്റ്റോൺ മേക്കേർസിനു നൽകിയ അഭിമുഖത്തിൽ മാധവ് സുരേഷ് പറഞ്ഞു. ‘‘ഈയടുത്ത് ഞാനൊരു വണ്ടി എടുത്തിരുന്നു, ഗോൾഫ് ജിടിഐ. കേരളത്തിൽ അതിന്റെ വില 67 ലക്ഷത്തിനു മുകളിലാണ്. മറ്റുള്ള സംസ്ഥാനങ്ങളിൽ അതിനേക്കാൾ വിലയാണ്. കാർ എടുത്തപ്പോൾ വന്ന കമന്റ് അച്ഛനാണോ മോനാണോ എടുത്തത്, സ്വന്തം കാശിനായാൽ കൊള്ളാമായിരുന്നു എന്നാണ്. ഇപ്പോഴേ സംഭവത്തിന് വ്യക്തത വരുത്താം. ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്. ഇനി ഞാൻ പണിയെടുത്ത് ലോൺ അടയ്ക്കണം. എന്റെ അച്ഛനുണ്ടാക്കി വച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലൈഫിനാണ്. എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിനുള്ളതാണ്. അല്ലെങ്കിൽ എന്റെ പെങ്ങൾമാരുടെ കല്യാണം നടത്തനാണ്. അതിനു വേണ്ടി അവർ പണം സൂക്ഷിച്ചിട്ടുണ്ട്.
സാമ്പത്തികമായി ഞാൻ പരാജയപ്പെട്ടാൽ എനിക്കൊരു സഹായമായി അതു കാണും. അത് എന്റെ സ്വന്തം അച്ഛന്റെ സ്വത്ത് അല്ലെ. അത്തരമൊരു സുരക്ഷിതത്വം എനിക്കുണ്ട്. പക്ഷേ ആ പ്രിവിലേജ് എല്ലാവർക്കും ഉണ്ടാകില്ല എന്ന് ഞാൻ മനസിലാക്കുന്നു. അതിന്റെ പേരിൽ പണിയെടുക്കാതിരിക്കാൻ പറ്റില്ല, ഞാൻ തന്നെ എന്നെ ബിൽഡ് ചെയ്യണം. ഞാൻ പ്രവർത്തിക്കുന്നത് എനിക്കും എന്റെ കുടുംബത്തിനും വേണ്ടിയാണ്. നാളെ ഒരുകാലത്ത് എന്റെ കുട്ടികൾ എന്നെ നോക്കുമ്പോൾ എന്റെ അച്ഛൻ നല്ല ഒരു ജീവിതം കെട്ടിപ്പടുത്തു എന്നു പറയണം.
എന്നെ ട്രോള്‍ ചെയ്യുന്നവരോട് എനിക്ക്, ദേഷ്യമില്ല, അവരുടെ വിലപ്പെട്ട സമയം എന്നെ ശ്രദ്ധിക്കാനും എന്നെ ട്രോള്‍ ചെയ്യാനും ഉപയോഗിക്കുന്നുണ്ടല്ലോ. പക്ഷേ എന്റെ ബഹുമാനം അർഹിക്കുന്നവർക്ക് മാത്രമേ ഞാൻ അത് കൊടുക്കൂ. എനിക്ക് അഹങ്കാരി എന്ന പേര് വരുന്നതിനോടൊന്നും പ്രതികരിക്കുന്നില്ല. എന്നെ ഞാൻ ആക്കിയത് എന്റെ കുടുംബമാണ്. ഒരു കാരണം ഇല്ലാതെ ഞാൻ ആരോടും വഴക്കുണ്ടാക്കാറില്ല. ഒരാളോട് മോശമായി പെരുമാറിയിട്ട് അവരിൽ നിന്ന് നല്ല പെരുമാറ്റം തിരിച്ചു പ്രതീക്ഷിക്കുന്നത് ശരിയല്ല. എന്റെ അച്ഛൻ ബിജെപി മന്ത്രി ആയത് ഈ നാട്ടിൽ ആർക്കും സഹിക്കുന്നില്ല, അതാണ് അച്ഛനോടും ഞങ്ങളോടും ഒക്കെ ആൾക്കാർക്ക് വെറുപ്പ് തോന്നുന്നത്.’’– മാധവ് സുരേഷ് പറയുന്നു.