Kerala

36,600 രൂപയ്ക്ക് പകരം ബാങ്കിലടച്ചത് 3,660 രൂപ; അവസാന പൂജ്യം രസീതിൽ വരച്ചു ചേർത്ത് സർക്കാർ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം∙ ലോട്ടറി ക്ഷേമനിധി ഓഫിസിൽ 14.93 കോടിയുടെ തട്ടിപ്പു നടത്തിയ ക്ലാർക്ക് ആറ്റിങ്ങൽ മാമം സ്വദേശി കെ.സംഗീത് ലോട്ടറി ഡയറക്ടറേറ്റിലും തട്ടിപ്പു നടത്തിയതായി വിജിലൻസ് കണ്ടെത്തി. സഹപ്രവർത്തകനു 36,600 രൂപ ശമ്പള ബിൽ അനധികൃതമായി പാസാക്കി നൽകിയത് ഓഡിറ്റിൽ കണ്ടെത്തിയതോടെ തുക തിരിച്ചടയ്ക്കാൻ സംഗീതിനു നിർദേശം നൽകി. എന്നാൽ, ട്രഷറിയിൽ 3,660 രൂപ അടച്ച ശേഷം ഒരു പൂജ്യം കൂടി രേഖപ്പെടുത്തി രസീത് ഇയാൾ ഓഫിസിൽ ഹാജരാക്കുകയായിരുന്നു. ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ടും സീനിയർ സൂപ്രണ്ടും ജോയിന്റ് ഡയറക്ടറും കണ്ടിട്ടാണ് ഉത്തരവുകൾ ഇറക്കേണ്ടത്. എന്നാൽ, ഇയാൾ ഇവരുടെയെല്ലാം ഒപ്പ് സ്വയം രേഖപ്പെടുത്തി ഫയൽ സൃഷ്ടിച്ച് 36 ഉത്തരവുകൾ സ്വന്തമായി ഇറക്കിയതായും കണ്ടെത്തിയിട്ടുണ്ട്.

ക്ഷേമനിധി ഓഫിസിലെ തട്ടിപ്പു സംബന്ധിച്ച് അധികൃതർക്ക് സംശയം തോന്നിയപ്പോഴാണ് സംഗീതിനെ ഡയറക്ടറേറ്റിലേക്കു സ്ഥലംമാറ്റിയത്. അവിടെയും വൻതട്ടിപ്പിന് ശ്രമം നടത്തിയെങ്കിലും അതിനു മുൻപു തന്നെ അഴിമതിക്കഥകൾ പുറത്തായി. തുടർന്ന് കാൻസർ രോഗിയാണെന്നറിയിച്ച് ആശുപത്രി രേഖകൾ ഹാജരാക്കി. എന്നാൽ, ആശുപത്രിയിൽ നടത്തിയ അന്വേഷണത്തിൽ രേഖകളെല്ലാം വ്യാജമാണെന്നു തിരിച്ചറി‍ഞ്ഞു. തട്ടിയെടുത്ത പണത്തിൽ ഒരു പങ്ക് വീടുകൾ നിർമിക്കാൻ ഉപയോഗിച്ചു. ഇപ്പോൾ മനോദൗർബല്യമുണ്ടെന്നു കാട്ടി ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.