അമേരിക്കയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ച് നടി ആഞ്ജലീന ജോളി. തനിക്ക് ഇപ്പോൾ തൻ്റെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാക്കാനാവുന്നില്ലെന്ന് അവർ പറഞ്ഞു. സ്പെയിനിലെ സാൻ സെബാസ്റ്റ്യൻ ചലച്ചിത്രോത്സവത്തിൽ തൻ്റെ ഏറ്റവും പുതിയ സിനിമ അവതരിപ്പിച്ച് സംസാരിക്കുന്നതിനിടെയാണ് ആഞ്ജലീന ഇക്കാര്യം പറഞ്ഞത്. നാമെല്ലാവരും ഒരുമിച്ച് ജീവിക്കുന്ന വളരെ കഠിനമായ കാലഘട്ടമാണിതെന്നും അവർ അഭിപ്രായപ്പെട്ടു.
അമേരിക്കയിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വിമർശകരായ മാധ്യമങ്ങൾക്കെതിരായി നടപടികൾ നടന്നുവരികയാണ്. ഇതിനിടെ കൺസർഡവേറ്റീവ് ഇൻഫ്ലുവൻസറും ട്രംപിന്റെ വിശ്വസ്തനുമായ ചാർളി കിർക്കിൻ്റെ കൊലപാതകത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ലേറ്റ്-നൈറ്റ് ഷോ അവതാരകനായ ജിമ്മി കിമ്മലിൻ്റെ ഷോ എബിസി ചാനൽ അടുത്തിടെ നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. അമേരിക്കയിൽ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഇത്തരം ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ആഞ്ജലീന ജോളിയുടെ ഈ അഭിപ്രായപ്രകടനം.”ഞാൻ എൻ്റെ രാജ്യത്തെ സ്നേഹിക്കുന്നു, പക്ഷേ ഈ സമയത്ത് എനിക്ക് എൻ്റെ രാജ്യത്ത് നടക്കുന്നതിനെ അനുകൂലിക്കാൻ കഴിയുന്നില്ല. എവിടെയായാലും, ആരിൽ നിന്നായാലും, വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളെയും സ്വാതന്ത്ര്യങ്ങളെയും വിഭജിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന എന്തും വളരെ അപകടകരമാണെന്ന് ഞാൻ കരുതുന്നു. നാമെല്ലാവരും ഒരുമിച്ച് ജീവിക്കുന്ന വളരെ കഠിനമായ കാലഘട്ടമാണിത്.” അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഭയമുണ്ടോ എന്ന ചോദ്യത്തിന് ജോളി മറുപടി പറഞ്ഞു.
ഗേൾ, ഇൻ്ററപ്റ്റഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് 1999-ൽ ഓസ്കാർ പുരസ്കാരം നേടിയ താരം, തൻ്റെ ഏറ്റവും പുതിയ കഥാപാത്രത്തിൻ്റെ പോരാട്ടങ്ങളുമായി വ്യക്തിപരമായി ബന്ധം തോന്നുന്നുവെന്ന് പറഞ്ഞു. സിനിമ ചെയ്യുന്നതിനിടയിൽ താൻ തൻ്റെ അമ്മയെക്കുറിച്ച് ഒരുപാട് ഓർത്തിരുന്നുവെന്ന് അവർ വികാരാധീനയായി പറഞ്ഞു.
തൻ്റെ അമ്മയുടെയും മുത്തശ്ശിയുടെയും ജീവനെടുത്ത അർബുദത്തിൻ്റെ ഉയർന്ന ജനിതക സാധ്യത കുറയ്ക്കുന്നതിനായി, 2013-ൽ ജോളി ഇരട്ട മാസ്റ്റെക്ടമിക്ക് വിധേയയായിരുന്നു. പിന്നീടവർ അണ്ഡാശയങ്ങളും ഫാലോപ്യൻ ട്യൂബുകളും നീക്കം ചെയ്യുകയും ചെയ്തിരുന്നു.