Kerala

ബാഗിൽ അപൂർവ കുരങ്ങൻമാരും തത്തയും, എത്തിച്ചത് തയ്‌വാനിൽനിന്ന്; പത്തനംതിട്ടയിലെ ദമ്പതികൾ അറസ്റ്റിൽ

കൊച്ചി ∙ അപൂർവ ഇനം കുരങ്ങൻമാരെയും പക്ഷിയെയും കടത്തിയ 2 യാത്രക്കാർ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. പത്തനംതിട്ട സ്വദേശികളും ദമ്പതികളുമായ ജോബ്സൺ ജോയി, ആര്യമോൾ എന്നിവരാണ് വിമാനത്താവളത്തിൽ അറസ്റ്റിലായത്. ഇന്ന് വെളുപ്പിന് ബാങ്കോക്കിൽ നിന്ന് നെടുമ്പാശേരിയില്‍ എത്തിച്ചേർന്ന ടിജി 347 തായ് എയർവേയ്സ് വിമാനത്തില്‍ എത്തിയ ഇവരുടെ ചെക്കിൻ ഇൻ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃഗങ്ങളും പക്ഷിയും. ഇന്ത്യയിൽ വളർത്തുന്നത് നിയമംമൂലം നിരോധിച്ചിട്ടുള്ളതും വന്യജീവി വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളതുമാണ് ഇവ.

കോമൺ മാമോസെറ്റ് എന്ന മൂന്ന് കുഞ്ഞൻ കുരങ്ങന്മാർ , വൈറ്റ് ലിപ്പ്ഡ് ടാമരിൻ എന്ന പേരിലുള്ള മറ്റ് രണ്ട് കുഞ്ഞൻ കുരങ്ങന്മാർ, ഹയാസിന്ത് മക്കോവ് എന്ന അപൂർവ ഇനം തത്ത എന്നിവയാണ് യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത്. ബ്രസീൽ, ബൊളീവിയ തുടങ്ങി ആമസോൺ കാടുകളിൽ കാണപ്പെടുന്നതാണ് കോമൺ മാമോസെറ്റ്. അര കിലോ വരെയാണ് ഇതിന്റെ ഭാരം. ബ്രസീലിൽ കാണപ്പെടുന്നതാണ് വൈറ്റ് ലിപ്പ്ഡ് ടാമരിൻ. 20 സെന്റീമീറ്റർ വരെയാണ് ഇവയ്ക്ക് വലുപ്പം വയ്ക്കുക. 350 ഗ്രാം വരെയാണ് ഭാരം. ബ്രസീലിൽ സംരക്ഷിത പക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഹയാസിന്ത് മക്കോവ്. ഒരു മീറ്റർ വരെ നീളം വയ്ക്കുന്ന ഇവ പറക്കുന്ന തത്തകളിൽ ഏറ്റവും വലുതാണ്.

വന്യജീവി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ വന്യജീവികളെ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിച്ചിട്ടുള്ളതാണ്. അന്താരാഷ്ട്ര കരാറുകളുടെയും വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ നാലിന്റെയും പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയുടെ വാണിജ്യ ഇടപാടും നിരോധിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ കേരള വൈൽഡ് ലൈഫ് കൺട്രോൾ‍ ബ്യൂറോയ്ക്ക് കൈമാറി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.