മുള്ളൻപാറയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം. ഇന്നലെ രാത്രി ഏഴരയോടെയാണ് മുള്ളൻപാറ അംഗൻവാടിക്ക് സമീപം മൂന്ന് കാട്ടാനകൾ എത്തിയത്. ടാക്സി ഡ്രൈവറും സ്കൂട്ടർ യാത്രക്കാരനും കാട്ടാനയുടെ മുൻപിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.നിരവധി കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്താണ് മൂന്ന് കാട്ടാനകൾ എത്തിയത്. വിവരം അറിഞ്ഞ മേപ്പാടി ആർ ആർ ടി സംഘം സ്ഥലത്തെത്തി. ഏതാനും വർഷങ്ങളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. നേരം ഇരുട്ടിയാൽ ആനകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
വനാതിർത്തിയിൽ പ്രതിരോധ വേലി നിർമ്മിക്കുന്നതിന് ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും ടെൻഡർ നടപടി ഇതുവരെയും പൂർത്തിയായിട്ടില്ല.അതിനാൽ തന്നെ ഈ ഭാഗത്ത് അനായാസമാണ് ജനവാസ മേഖലയിലേക്ക് ആനകൾ എത്തുന്നത്. ചുണ്ടേൽ ഒലീവ് മല പ്രദേശത്ത് നാട്ടുകാർ തന്നെ മുൻകൈയെടുത്ത് നിർമ്മിച്ച ജനകീയ പ്രതിരോധ വേലിയും തകർന്നിട്ടുണ്ട്. അതിനാൽ തന്നെ ചുണ്ടേൽ, ചേലോട്, വൈത്തിരി ഭാഗങ്ങളിൽ കാട്ടാനക്കൂട്ടം സ്വൈര്യ വിഹാരം നടത്തുകയാണ്.