ഹൈദരാബാദ് ∙ പ്രണയബന്ധത്തിനു തടസം നിന്ന മാതാപിതാക്കളെ ഉയർന്ന അളവിൽ മരുന്നു കുത്തിവച്ചു നഴ്സ് കൊലപ്പെടുത്തി. തെലങ്കാനയിലെ വികാരാബാദിലാണ് സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ നക്കല സുരേഖ (20) മാതാപിതാക്കളെ കൊലപ്പെടുത്തിയത്.
പ്രണയബന്ധം എതിർത്തതിനെ തുടർന്ന് കുറച്ചുനാളായി സുരേഖയുടെ വീട്ടിൽ കലഹം പതിവായിരുന്നു. വീട്ടിൽനിന്നും വഴക്കിടുന്ന ശബ്ദം പതിവായി കേൾക്കുമായിരുന്നെന്ന് അയൽക്കാർ പറയുന്നു. മാതാപിതാക്കൾ തന്റെ പ്രണയത്തെ അംഗീകരിക്കില്ലെന്ന് ഉറപ്പായതോടെ സുരേഖ ജോലി ചെയ്തിരുന്ന ആശുപത്രിയിൽനിന്നും മരുന്ന് മോഷ്ടിച്ചു ഉയർന്ന ഡോസിൽ അച്ഛനും അമ്മയ്ക്കും കുത്തിവയ്ക്കുകയായിരുന്നു. ഇതിനായി നാല് കുപ്പി മരുന്നാണ് സുരേഖ മോഷ്ടിച്ചത്.
കുത്തിവയ്പിനെ തുടർന്ന് സുരേഖയുടെ മാതാപിതാക്കൾ കുഴഞ്ഞു വീണിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇവർ മരിച്ചു. പിന്നീട് ചികിത്സിച്ച ഡോക്ടർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച സുരേഖ പ്രണയബന്ധത്തിനു തടസ്സം നിന്നതാണ് കാരണമെന്നും പറഞ്ഞു. അതേസമയം കൊലപാതകം ആസൂത്രണം ചെയ്യുവാനും നടപ്പിലാക്കുവാനും സുരേഖയ്ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.














