കോഴിക്കോട്∙ 15 മാസം മുൻപു മായനാടു നിന്നു കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രന്റെ മരണത്തിൽ ഒരാൾകൂടി പിടിയിൽ. നെന്മേനി മാടക്കര വേങ്ങശ്ശേരി വീട്ടിൽ വൈശാഖ് (35) ആണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ പ്രതികളായ ജ്യോതിഷ്, അജേഷ്, വിദേശത്തുള്ള നൗഷാദ് എന്നിവർക്കൊപ്പം ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകാനും മൃതദേഹം കുഴിച്ചുമൂടാനും താനും ഉണ്ടായിരുന്നതായി ചോദ്യംചെയ്യലിൽ വൈശാഖ് സമ്മതിച്ചു.
ആദ്യം പിടിയിലായ ജ്യോതിഷിന്റെ സുഹൃത്താണ് വൈശാഖ്. ഹേമചന്ദ്രനുമായുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ച് വൈശാഖിനോട് ജ്യോതിഷ് പറഞ്ഞിരുന്നു. പിന്നീട് മറ്റൊരു പ്രതിയായ നൗഷാദുമായും ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുണ്ടെന്നും ഒന്നിച്ചുനിന്നാൽ അയാളിൽനിന്നും പണം ഇടാക്കാമെന്നും ഇരുവരും കരുതി. നൗഷാദിന് വാടകയ്ക്ക് കാർ കൊടുക്കുന്ന ബിസിനസുണ്ടെന്നും ഗുണ്ടകളുമായി അയാൾക്കുള്ള ബന്ധം ഉപയോഗപ്പെടുത്താമെന്നും വിചാരിച്ചാണ് ഇരുവരും നൗഷാദിനൊപ്പം ചേർന്ന് ഹേമചന്ദ്രനെ തട്ടിക്കൊണ്ടു പോകാൻ തീരുമാനിച്ചത്. കാറിൽവച്ച് തന്നെ പ്രതികൾ ഹേമചന്ദ്രനെ മർദിച്ചിരുന്നു.
സംഭവം നടക്കുന്ന ദിവസങ്ങളിൽ വൈശാഖിനും അജേഷിനും ചേരമ്പാടി ഭാഗത്തുള്ള റിസോർട്ടിൽ ഇന്റീരിയർ ജോലിയുണ്ടായിരുന്നു. 2024 മാർച്ച് 22ന് ഉച്ചയോടെ പ്രതികളായ നാലുപേരും ചേരമ്പാടി ഭാഗത്ത് ഒരുമിച്ച് കൂടുകയും ഹേമചന്ദ്രന്റെ മൃതദേഹം മറവു ചെയ്യുന്നതിന് വേണ്ടി അവിടെയുള്ള പല സ്ഥലങ്ങളും നോക്കുകയും അവസാനം കാപ്പിക്കാടിനടുത്ത് ആനയിറങ്ങുന്ന കൊടുംകാട് തിരഞ്ഞടുക്കുകയുമായിരുന്നു. കൊടും കാടായതിനാലും എപ്പോഴും ആനയുണ്ടാവുന്ന സ്ഥലമായതിനാലും ആരും എത്തിപ്പെടില്ലെന്ന കാരണത്താലുമാണ് ആ സ്ഥലം തിരഞ്ഞെടുത്തതെന്ന് പ്രതികൾ പറഞ്ഞു. വിശദമായി ചോദ്യംചെയ്യാൻ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന നൗഷാദിനെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമത്തിലാണ് പൊലീസ്.