Uncategorized

അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസ് അർഹതയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി. അമിത വേഗം, സ്റ്റണ്ട് പ്രകടനം, ഗതാഗത നിയമങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ ഡ്രൈവറുടെ സ്വന്തം തെറ്റ് കാരണം അപകടം സംഭവിച്ചാല്‍ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയെ നിര്‍ബന്ധിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

2014ല്‍ ഉണ്ടായ അപകടത്തില്‍ മരിച്ച കര്‍ണാടക സ്വദേശി എന്‍ എസ് രവീഷിന്റെ ഭാര്യ നല്‍കിയ അപ്പീല്‍ തള്ളിയാണ് വിധി. ബാഹ്യ ഇടപെടലില്ലാതെ ഡ്രൈവറുടെ തെറ്റ് മൂലം മാത്രമാണ് അപകടമെങ്കില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലന്ന് ഉത്തരവില്‍ പറഞ്ഞു. സമാന ആവശ്യവുമായി മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണലിനെയും കര്‍ണാടക ഹൈക്കോടതിയേയും കുടുംബം സമീപിച്ചുവെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഹൈക്കോടതിയുടെ കണ്ടെത്തലിനോട് സുപ്രീംകോടതിയും യോജിച്ചു.മല്ലസാന്ദ്ര ഗ്രാമത്തില്‍ നിന്ന് അര്‍സികെരെ നഗരത്തിലേയ്ക്ക് ഫിയറ്റ് കാര്‍ ഓടിച്ചുപോകവേയാണ് അപകടമുണ്ടായത്. അമിത വേഗമാണ് അപകടകാരണമെന്ന് എഫ്ഐആറില്‍ വ്യക്തമാണ്.

രവീഷിന് പ്രതിമാസം മൂന്നുലക്ഷം രൂപ ശമ്പളമുണ്ടായിരുന്നുവെന്നും 80 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയോട് കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ കമ്പനി ഇത് അംഗീകരിച്ചിരുന്നില്ല. അമിതവേഗത്തില്‍ നിയന്ത്രണം വിട്ട് മറിയും മുമ്പ് രവീഷ് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുവെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ ട്രാഫിക് നിയമലംഘനമുണ്ടായിട്ടില്ലെന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.