ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജിക്കടുവ വനപാലകർ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. സുൽത്താന എസ്റ്റേറ്റിൽ 3 ആഴ്ച മുൻപ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രാവിലെ അതിഥിത്തൊഴിലാളികളാണ് കടുവയെ കണ്ടത്. കൂട്ടിൽ അക്രമം നടത്തിയതിനാൽ കടുവയുടെ മുഖത്ത് മുറിവുണ്ട്. ഏകദേശം 10 വയസ്സുള്ള പെൺകടുവയാണ് കൂട്ടിൽ അകപ്പെട്ടത്.
മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയെ കടുവ കടിച്ചുകൊന്നത്. ചോക്കാട് കല്ലാമൂല സ്വദേശി കളപ്പറമ്പിൽ അബ്ദുൽ ഗഫൂർ (41) ആണു മരിച്ചത്. പാറശ്ശേരി റാവുത്തൻകാട്ടിലെ റബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെയാണു ഗഫൂറിനെ കടുവ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന കല്ലാമൂല സ്വദേശി കൊക്കർനി സമദിനോടു സംസാരിച്ചുകൊണ്ടു ജോലി ചെയ്യുകയായിരുന്ന ഗഫൂറിനെ കടുവ ആക്രമിക്കുകയായിരുന്നു.
റബർ തോട്ടത്തിലൂടെ വലിച്ചിഴച്ചു 300 മീറ്ററകലെ പാറക്കെട്ടിലെത്തിച്ചു. സമദ് ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ, വലിച്ചുകൊണ്ടുപോയ പാടുകളും രക്തക്കറകളും പിന്തുടർന്ന് അരമണിക്കൂറിനകം മൃതദേഹം കണ്ടെത്തുകയായിരുന്നു.