Kerala

സ്വകാര്യ ബസ് സമരം തുടങ്ങി, വലഞ്ഞ് ജനം; അർധരാത്രി മുതൽ അഖിലേന്ത്യാ പണിമുടക്കും

സ്വകാര്യ ബസുകളുടെ ഇന്നത്തെ സൂചനാ പണിമുടക്ക് ആരംഭിച്ചു. പലയിടത്തും യാത്രക്കാർ വലഞ്ഞു. കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതിനി‌ടെ കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. സംസ്ഥാന സർ‌ക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധവും ഐഎൻടിയുസി ഉൾപ്പെടെയുള്ള യുഡിഎഫ് സംഘടനകൾ ഉയർത്തും.

കഴിഞ്ഞ ദിവസം ഗതാഗത കമ്മിഷണറുമായി ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. 22 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്. ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പിന്റെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് കാലോചിതമായി വർധിപ്പിക്കുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ- ചെല്ലാൻ വഴിയുള്ള അന്യായമായ പിഴ ചുമത്തൽ അവസാനിപ്പിക്കുക, ബസുകളിൽ മാത്രം ജിപിഎസ് സ്പീഡ് ഗവർണ‌ർ ക്യാമറകൾ തുടങ്ങിയ വിലകൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്ന ഗതാഗത വകുപ്പിന്റെ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.