Kerala

പണിമുടക്കില്‍ കെഎസ്ആര്‍ടിസി ഓടുമോ? സ്കൂളുകള്‍ക്ക് അവധിയുണ്ടോ? ഒഴിവാക്കിയവ എന്തൊക്കെ?

കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12നാണ് ആരംഭിക്കുക. കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. സംസ്ഥാന സർ‌ക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധവും ഐഎൻടിയുസി ഉൾപ്പെടെയുള്ള യുഡിഎഫ് സംഘടനകൾ ഉയർത്തും. ദേശീയ പണിമുടക്കിന്‍റെ ഭാഗമായി കേരളം സ്തംഭിക്കുമെന്നാണ് തൊഴിലാളി സംഘടനകള്‍ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഏതൊക്കെ മേഖലകളെ പണിമുടക്ക് ബാധിക്കുമെന്ന് നോക്കാം.

∙ കെഎസ്ആര്‍ടിസി ഓടുമോ? ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പറയുന്നത്. പണിമുടക്ക് നോട്ടിസ് നേരത്തേ നല്‍കിയതാണെന്നും സിഐടിയു വ്യക്തമാക്കി. എന്നാല്‍ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഭാഗമാകില്ലെന്നും സര്‍വീസ് നടത്തുമെന്നും ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞിരുന്നു. മന്ത്രിയെ തള്ളി യൂണിയനുകള്‍ രംഗത്തെത്തിയതോടെ കെഎസ്ആര്‍ടിസിയും ഓടാൻ സാധ്യതയില്ല. ജീവനക്കാര്‍ പണിമുടക്കുമെങ്കിലും ആര്‍സിസി – മെഡിക്കല്‍ കോളജ് എന്നിവടങ്ങിളിലേക്കുള്ള സര്‍വീസുകളെ ബാധിച്ചേക്കില്ല. എല്ലാ മേഖലകളിലെയും മോട്ടര്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കാളികളാവുന്നതിനാല്‍ സ്വകാര്യ ബസുകള്‍ നാളെയും ഓടില്ല. ഓട്ടോ, ടാക്സി സര്‍വീസുകള്‍ ഉള്‍പ്പടെ മുടങ്ങുമെന്നതിനാല്‍ സ്വന്തം വാഹനമില്ലാതെ പുറത്തിറങ്ങുന്നവർ കുടുങ്ങും.

∙ ഓഫിസുകളും ബാങ്കും നിശ്ചലം കേന്ദ്ര– സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, കലക്ടറേറ്റുകൾ എന്നിവ നാളത്തെ പണിമുടക്കില്‍ നിശ്ചലമാകും. ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നതിനാല്‍ ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും. എല്‍ഐസി ഓഫിസുകള്‍, മറ്റ് ഇന്‍ഷുറന്‍സ് ഓഫിസുകള്‍ എന്നിവടങ്ങളിലും ജനങ്ങള്‍ക്ക് സേവനം നഷ്ടമാവും. കാര്‍ഷിക മേഖലകളെ പണിമുടക്ക് ബാധിക്കും. എന്നാൽ ഒരു വിഭാഗം തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിനെതിരെ മാത്രമാണ് തൊഴിലാളിസംഘടനകൾ പണിമുടക്കുന്നതെന്നും എൽഡിഎഫ് സർക്കാരിന് വേണ്ടി തൊഴിലാളി സംഘടനകൾ വിടുപണി ചെയ്യുകയാണെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്.ഇർഷാദ് പറഞ്ഞു. അതിനാൽ പണിമുടക്ക് ആഹ്വാനം തള്ളിക്കളയാനും ജോലിക്കെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം സർക്കാർ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ∙

*ക്ലാസ് മുടങ്ങും*

സ്കൂള്‍, കോളജ് അധ്യാപകരും ദേശിയ പണിമുടക്കിന്‍റെ ഭാഗമാണ്. അതിനാല്‍ സ്കൂളുകളിലും കോളജുകളിലും അധ്യയനം മുടങ്ങും. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല. ഫാക്ടറികളെയും പൊതുമേഖല സ്ഥാപനങ്ങളെയും പണിമുടക്ക് ബാധിക്കും. കുറിയര്‍ സര്‍വീസുകള്‍, ടെലികോം സേവനകള്‍ ലഭ്യമാക്കേണ്ട ഓഫിസുകള്‍ എന്നിവ അടഞ്ഞുകിടക്കും. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുന്നതിനാല്‍ വ്യാപാരമേഖലയേയും ബാധിക്കും. മാളുകളും തുറന്ന് പ്രവര്‍ത്തിച്ചേക്കില്ല.

∙ ഒഴിവാക്കിയവ*

അവശ്യസര്‍വീസുകളെ മാത്രമാണ് പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്. * പാല്‍, പത്രവിതരണം, ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍, ജലവിതരണം, അഗ്നിശമന സേവനങ്ങള്‍ എന്നിവയെ പണിമുടക്ക് ബാധിക്കില്ല. * വിമാനത്താവളങ്ങളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും പോകുന്ന വാഹനങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന വിവാഹ പാര്‍ട്ടികള്‍, ടൂറിസം മേഖലയെ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. * റസ്റ്ററന്‍റുകള്‍ അടഞ്ഞുകിടക്കുമെങ്കിലും ടൂറിസം മേഖലയിലെ താമസ സൗകര്യമുള്ള ഹോട്ടലുകളെ ബാധിക്കില്ല. * കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുമെങ്കിലും ആര്‍സിസി – മെഡിക്കല്‍ കോളജ് എന്നിവടങ്ങിളിലേക്കുള്ള സര്‍വീസുകളെ ബാധിച്ചേക്കില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.