National

75 വയസ്സിൽ വിരമിക്കണം, പ്രായമെത്തിയാൽ സന്തോഷത്തോടെ വഴിമാറണമെന്ന് മോഹൻ ഭാഗവത്; മോദിക്കുള്ള സന്ദേശമെന്ന് പ്രതിപക്ഷം

നാഗ്പുർ ∙ 75 വയസ്സായാൽ വിരമിക്കണമെന്ന് ഓർമിപ്പിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പ്രായമെത്തിയാൽ സന്തോഷത്തോടെ വഴിമാറണമെന്നാണ് മോഹൻ ഭാഗവതിന്റെ പരാമർശം. ആർഎസ്എസ് മേധാവിയുടെ പരാമർശം മോദിക്കുള്ള സന്ദേശമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മോഹൻ ഭാഗവതിനും സെപ്റ്റംബറിലാണ് 75 വയസ്സ് തികയുന്നത്. അന്തരിച്ച ആർ‌എസ്‌എസ് സൈദ്ധാന്തികൻ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു മോഹൻ ഭാഗവതിന്റെ പ്രായപരിധി സംബന്ധിച്ച പരാമർശം.

പ്രധാനമന്ത്രി മോദിക്കുള്ള മറഞ്ഞിരിക്കുന്ന സന്ദേശമെന്നാണ് മോഹൻ ഭാഗവതിന്റെ പരാമർശത്തെ പ്രതിപക്ഷ നേതാക്കൾ വ്യാഖ്യാനിക്കുന്നത്. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെയെല്ലാം 75 വയസ്സ് തികഞ്ഞപ്പോൾ പ്രധാനമന്ത്രി മോദി വിരമിക്കാൻ നിർബന്ധിച്ചു. ഇപ്പോൾ അദ്ദേഹം അതേ നിയമം തനിക്കും ബാധകമാക്കുമോ എന്ന് നോക്കാമെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം.

മാർച്ചിൽ നാഗ്പുരിലെ ആർ‌എസ്‌എസ് ആസ്ഥാനത്തേക്ക് മോദി നടത്തിയ സന്ദർശനം തന്റെ വിരമിക്കൽ സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നുവെന്ന് സ‍ഞ്ജയ് റാവുത്ത് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ സന്ദർശനവും അത്തരമൊരു പ്രഖ്യാപനവുമായി ബന്ധമില്ലെന്നായിരുന്നു ബിജെപിയുടെ മറുപടി. അതേസമയം, മോഹൻ ഭഗവത് പ്രസ്താവന നടത്തിയ അതേ ദിവസം തന്നെ, വിരമിക്കലിനു ശേഷമുള്ള തന്റെ ആഗ്രഹങ്ങളെ കുറിച്ച് അമിത് ഷാ മറ്റൊരു പരിപാടിയിൽ സംസാരിച്ചതാണ് കൗതുകം. വിരമിക്കലിനു ശേഷം വേദങ്ങൾ, ഉപനിഷത്തുകൾ, ജൈവകൃഷി എന്നിവയ്ക്കായി സമയം സമർപ്പിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു അമിത് ഷായുടെ പരാമർശം. എന്നാൽ വിരമിക്കാൻ ഉദ്ദേശിക്കുന്നത് എപ്പോഴാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. മോഹൻ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും 1950 സെപ്റ്റംബറിലാണ് ജനിച്ചത്. സെപ്റ്റംബർ 11നാണ് മോഹൻ ഭാഗവതിന്റെ ജന്മദിനം. സെപ്റ്റംബർ പതിനേഴിനാണ് നരേന്ദ്ര മോദിയുടെ ജന്മദിനം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.