National

വിദ്യാര്‍ഥിനികളെ വിവസ്ത്രരാക്കി ആർത്തവ പരിശോധന; പ്രിന്‍സിപ്പലും അറ്റന്‍ഡറും അറസ്റ്റില്‍

മുംബൈ ∙ സ്കൂളിലെ ശുചിമുറിയിൽ രക്തത്തുള്ളികൾ കണ്ടതിനു പിന്നാലെ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന നടത്തിയ വനിതാ പ്രിൻസിപ്പലിനെയും വനിതാ പ്യൂണിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 2 ട്രസ്റ്റിമാർക്കും 2 അധ്യാപകർക്കുമെതിരെ കേസുമെടുത്തു.

താനെ ജില്ലയിലെ ഷഹാപുരിലുള്ള ആർ.എസ്.ദമാനിയ സ്കൂളിൽ നടന്ന സംഭവം വലിയ പ്രതിഷേധത്തിനു കാരണമായതോടെ, സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയിൽ വ്യക്തമാക്കി.

സ്കൂളിലെ ശുചിമുറിയിൽ രക്തത്തുള്ളികൾ കണ്ട പിന്നാലെ 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥിനികളെ പ്രിൻസിപ്പൽ കൺവൻഷൻ ഹാളിലേക്കു വിളിപ്പിച്ചിരുന്നു. തുടർന്ന്, രക്തത്തുള്ളികളുടെ ചിത്രങ്ങൾ പ്രൊജക്ടറിൽ കാണിച്ച ശേഷം കാരണക്കാരി ആരാണെന്നു ചോദിച്ചു. മറുപടി ലഭിക്കാതിരുന്നതോടെ നിലവിൽ ആർക്കൊക്കെ ആർത്തവമുണ്ടെന്നായി ചോദ്യം. തുടർന്ന്, പെൺകുട്ടികളെ പ്രിൻസിപ്പൽ ശുചിമുറിയിൽ എത്തിക്കുകയും വനിതാ പ്യൂണിനെക്കൊണ്ട് അടിവസ്ത്രം ഉൾപ്പെടെ പരിശോധിപ്പിക്കുകയുമായിരുന്നു.വൈകിട്ട് വീട്ടിലെത്തിയ വിദ്യാർഥിനികൾ വിചിത്ര പരിശോധനയെക്കുറിച്ച് അറിയിച്ചതോടെ പല രക്ഷിതാക്കളും പ്രതിഷേധവുമായി സ്കൂളിലെത്തി. വിദ്യാർഥികളെ സന്മാർഗപാഠങ്ങൾ പഠിപ്പിക്കേണ്ട സ്കൂൾ അധികൃതർ തന്നെ അവരെ മാനസികമായി തളർത്തിയെന്ന് ആരോപിച്ച രക്ഷിതാക്കൾ പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, പോക്സോ എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിട്ടുള്ളത്.

സ്കൂളിൽ നടത്തിയ ആർത്തവ പരിശോധന വലിയ നാണക്കേടുണ്ടാക്കുന്നതാണെന്ന് ആരോപിച്ച കോൺഗ്രസ് വിഷയം നിയമസഭയിലും ഉയർത്തി. എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനും ശുചിമുറിയിൽ വെള്ളവും വൃത്തിയും ഉറപ്പാക്കണമെന്നു കോൺഗ്രസ് എംഎൽഎ ജ്യോതി ഗായ്ക്‌വാഡ് ആവശ്യപ്പെട്ടു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.