മുംബൈ ∙ സ്കൂളിലെ ശുചിമുറിയിൽ രക്തത്തുള്ളികൾ കണ്ടതിനെ തുടർന്നു വിദ്യാർഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചതിന് 3 അധ്യാപികമാരും അറസ്റ്റിലായി. താനെയിലെ ഷഹാപുരിലുള്ള ആർ.എസ്.ദമാനിയ സ്കൂൾ വനിതാ പ്രിൻസിപ്പലും പ്യൂണും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ 5 പേരെയും ഇൗ മാസം 15 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സ്കൂളിലെത്തിയ പൊലീസ് വിദ്യാർഥിനികളുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു. സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ തേടി. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ, സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.സ്കൂളിലെ ശുചിമുറിയിൽ രക്തത്തുള്ളികൾ കണ്ടതിനു പിന്നാലെ 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥിനികളെ പ്രിൻസിപ്പൽ കൺവൻഷൻ ഹാളിലേക്കു വിളിപ്പിച്ചിരുന്നു. തുടർന്ന്, രക്തത്തുള്ളികളുടെ ചിത്രങ്ങൾ പ്രൊജക്ടറിൽ കാണിച്ച ശേഷം കാരണക്കാരി ആരാണെന്നു ചോദിച്ചു. മറുപടി ലഭിക്കാതിരുന്നതോടെ നിലവിൽ ആർക്കൊക്കെ ആർത്തവമുണ്ടെന്നായി ചോദ്യം.
തുടർന്ന്, പെൺകുട്ടികളെ പ്രിൻസിപ്പൽ ശുചിമുറിയിൽ എത്തിക്കുകയും വനിതാ പ്യൂണിനെക്കൊണ്ട് അടിവസ്ത്രം ഉൾപ്പെടെ പരിശോധിപ്പിക്കുകയുമായിരുന്നു. വൈകിട്ട് വീട്ടിലെത്തിയ വിദ്യാർഥിനികൾ വിചിത്ര പരിശോധനയെക്കുറിച്ച് അറിയിച്ചതോടെ പല രക്ഷിതാക്കളും പ്രതിഷേധവുമായി സ്കൂളിലെത്തി. വിദ്യാർഥികളെ സന്മാർഗപാഠങ്ങൾ പഠിപ്പിക്കേണ്ട സ്കൂൾ അധികൃതർ തന്നെ അവരെ മാനസികമായി തളർത്തിയെന്ന് ആരോപിച്ച രക്ഷിതാക്കൾ പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, പോക്സോ എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്.