തിരുവനന്തപുരം ∙ ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് ജീവനക്കാരെ നിരന്തരം മുഖ്യമന്ത്രി ഓർമിപ്പിക്കുമ്പോൾ, കെട്ടിക്കിടക്കുന്ന ഫയലുകൾക്കിടയിൽ പാമ്പുകളുണ്ടോയെന്നാണ് ജീവനക്കാരുടെ ആശങ്ക. പാമ്പുകളുടെ സ്വൈര്യവിഹാര കേന്ദ്രമായി മാറുകയാണ് സെക്രട്ടേറിയറ്റ്.
സെക്രട്ടേറിയറ്റിനുള്ളിൽ പാമ്പുശല്യം പതിവാണെന്നാണ് ജീവനക്കാർ പറയുന്നത്. ഏഴു മാസത്തിനുള്ളിൽ ആറു തവണയാണ് പാമ്പിനെ പിടികൂടിയത്. സെക്രട്ടേറിയറ്റ് വളപ്പ് കാടുകയറിയതും കെട്ടിടാവശിഷ്ടങ്ങളും വർഷങ്ങൾ പഴക്കമുള്ള ഫയലുകൾ കൂട്ടിയിട്ടിരിക്കുന്നതുമാണ് വിഷജന്തുക്കളുടെ സാന്നിധ്യത്തിനു കാരണം.
മരത്തടികളും ചെടികളും അരയ്ക്കൊപ്പം വളർന്നു നിൽക്കുന്നുണ്ട്. ജീവനക്കാരുടെ സംഘടനകൾ പരാതിപ്പെടുമ്പോൾ മാത്രമാണ് പരിസരം വൃത്തിയാക്കാറുള്ളത്. ഇന്നലെ പൊലീസ് ഉദ്യോഗസ്ഥയെ പാമ്പ് കടിച്ച ശേഷമാണ് സെക്രട്ടേറിയറ്റിലെ പാമ്പ് ശല്യം ചർച്ചയാകുന്നത്. ഈ മാസം നാലിന് ഭക്ഷ്യവകുപ്പിന്റെ സി സെക്ഷനിലെ ഷെൽഫുകൾക്കിടയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. രാത്രി 7 മണി കഴിഞ്ഞാൽ പിറ്റേ ദിവസം രാവിലെ 8 മണി വരെ സെക്രട്ടേറിയറ്റിൽ ആരും കാണില്ല. ഈ സമയത്താണ് കെട്ടിടങ്ങളിലേക്ക് പാമ്പുകൾ കയറുന്നത്. പല പാമ്പുകളെയും തുരത്തുന്നത് രാവിലെ 8 മണിയോടെ എത്തുന്ന ശുചീകരണ തൊഴിലാളികളാണ്. വാതിലിന് സമീപം ജീവന് ഹാനി വരുത്തുന്ന നിലയിലാകും ഇവ പതിയിരിക്കുക.