ന്യൂഡൽഹി ∙ വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന നിർണായക വിധിയുമായി സുപ്രീം കോടതി. വിവാഹമോചന കേസിൽ ഭാര്യയുടെ ഫോൺ സംഭാഷണം തെളിവായി ഹാജരാക്കിയത് തള്ളിയ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് പുതിയ വിധി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
സ്വകാര്യത ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി ഭർത്താവ് ഹാജരാക്കിയ ഫോൺ സംഭാഷണം തള്ളിയത്. എന്നാൽ ഫോൺ സംഭാഷണം സ്വകാര്യതയുടെ ലംഘനമായി കാണാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിലെ തെളിവായാണ് ഇതു പരിഗണിക്കേണ്ടത്. തെളിവ് നിയമത്തിന്റെ 122–ാം വകുപ്പ് അനുസരിച്ച് ഭർത്താവും ഭാര്യയുമായുള്ള സംഭാഷണം അവർ തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ്. എന്നാൽ വിവാഹ മോചന കേസിലാണെങ്കിൽ അതൊരു തെളിവായി കണക്കാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.