ചെന്നൈ ∙ നിറത്തെച്ചൊല്ലിയുള്ള വിവേചനത്തിനെതിരെ പോരാടിയ മോഡലും സമൂഹമാധ്യമങ്ങളിൽ പ്രശസ്തയുമായ സാൻ റേച്ചൽ ഗാന്ധി (26) ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. സാൻ റേച്ചലിനു സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിവാഹത്തിന് 6 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. അച്ഛനോ, ഭർത്താവോ അറിയാതെയാണ് കടം വാങ്ങിയത്. അച്ഛൻ പണം തന്നതായാണ് ഭർത്താവിനോട് പറഞ്ഞത്. കടം വാങ്ങിയ തുക തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. അച്ഛന് എഴുതിയ കത്തിൽ, ഒരാൾക്ക് പണം കൊടുക്കാനുണ്ടെന്നു സൂചിപ്പിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.
അമിതമായി ഉറക്കഗുളിക കഴിച്ചതിനെത്തുടർന്നായിരുന്നു മരണം. പുതുച്ചേരിയിൽ ജനിച്ചു വളർന്ന സാൻ റേച്ചലിന് ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടമായിരുന്നു. മകളെ വളർത്തിയതും മോഡലിങിലേക്ക് വഴി തിരിച്ചു വിട്ടതും പിതാവ് ഡി.ഗാന്ധിയാണ്. നിറത്തിന്റെ പേരിൽ തുടക്കത്തിൽ അവസരങ്ങൾ നിഷേധിക്കപ്പട്ടു. വിവേചനത്തിനെതിരെ സ്വയം പോരാടി വളരെ വേഗം ഈ രംഗത്തു പ്രശസ്തയായി.
മിസ് ഡാർക്ക് ക്വീൻ തമിഴ്നാട് (2019), മിസ് ബെസ്റ്റ് ആറ്റിറ്റ്യൂഡ് (2019), മിസ് പുതുച്ചേരി (2020/2021), ക്വീൻ ഓഫ് മദ്രാസ് (2022, 2023) എന്നിവയുൾപ്പെടെ ഒട്ടേറെ പ്രാദേശിക, ദേശീയ സൗന്ദര്യ കിരീടങ്ങൾ നേടി. മിസ് ആഫ്രിക്ക ഗോൾഡൻ ഇന്ത്യ (2023) മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി. പല രാജ്യാന്തര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. മോഡലിങ് പരിശീലന സ്ഥാപനമായ റോസ് നോയർ ഫാഷൻ ഗ്രൂമിങ്ങിന്റെ സ്ഥാപകയാണ്. നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങൾ നയിച്ചു.