ബെംഗളൂരു∙ കോളജ് വിദ്യാർഥിനിയെ പലവട്ടം പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് അധ്യാപകരടക്കം മൂന്നു പേർ അറസ്റ്റിൽ. ഫിസിക്സ് അധ്യാപകനായ നരേന്ദ്ര, ബയോളജി അധ്യാപകൻ സന്ദീപ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരാണ് അറസ്റ്റിലായത്.
പഠനസംബന്ധമായ നോട്ട്സുകൾ നൽകാമെന്നു പറഞ്ഞ് നരേന്ദ്രയാണ് ആദ്യം പെൺകുട്ടിയെ സമീപിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മെസേജുകൾ അയച്ച് പെൺകുട്ടിയുമായി ഇയാൾ അടുക്കുകയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ അനൂപിന്റെ മുറിയിലേക്ക് പെൺകുട്ടിയെ നരേന്ദ്ര വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഏതാനും ദിവസങ്ങൾക്കുശേഷം സന്ദീപും പെൺകുട്ടിയെ സമീപിച്ചു. നരേന്ദ്രയ്‌ക്കൊപ്പമുള്ള വിഡിയോകളും ചിത്രങ്ങളും കൈവശമുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി അനൂപിന്റെ മുറിയിലെത്തിച്ചശേഷം ഇയാളും കുട്ടിയെ പീഡിപ്പിച്ചു. തന്റെ മുറിയിലേക്ക് പെൺകുട്ടി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കാണിച്ച് അനൂപും കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.മാനസികമായി തകർന്ന പെൺകുട്ടി ബെംഗളൂരുവിൽ തന്നെ കാണാനെത്തിയ മാതാപിതാക്കളോടാണ് സംഭവം തുറന്നു പറഞ്ഞത്. തുടർന്ന് മാതാപിതാക്കൾ കർണാടക വനിതാ കമ്മിഷനിലും മറാത്തഹള്ളി പൊലീസ് സ്റ്റേഷനിലും പരാതി നൽകി. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.