തിരുവനന്തപുരം: ഈ മാസം 22ാം തിയതി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. നാളെ വൈകീട്ട് മൂന്നരക്കാണ് ചര്‍ച്ച. വിദ്യാര്‍ഥികളുടെ ഒരു രൂപ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം എന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.ഗതാഗത കമ്മീഷണര്‍ ആദ്യ ഘട്ടത്തില്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് മന്ത്രി സ്വകാര്യം ബസ് ഉടമകളെ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം, മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ട് വെക്കുന്നത്. 32000 ബസുകള്‍ ഉണ്ടായിരുന്ന വ്യവസായം ഇപ്പോള്‍ 7000 ബസിലേക്ക് ചുരുങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയും ഈ പ്രശനങ്ങളില്‍ ഇടപെട്ടില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.