ബെംഗളൂരു∙ മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി കർണാടകയിലെ ഗുഹയിൽനിന്നു കണ്ടെത്തിയ റഷ്യൻ യുവതിയുടെ പങ്കാളി ഡ്രോർ ഗോൾഡ്സ്റ്റീൻ. ഗോകർണത്തെ ഗുഹയിൽനിന്നാണ് പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘം നിന കുട്ടിനയെയും രണ്ട് പെൺമക്കളെയും കണ്ടെത്തിയത്. നിനയ്ക്കൊപ്പം മക്കളുടെ കസ്റ്റഡി വേണമെന്നാണ് ഡ്രോറിന്റെ ആവശ്യം. നിനയുടെ ഒരു മകൾ യുക്രെയ്നിൽവച്ച് 2018 ജൂണിലും മറ്റൊരു മകൾ ഇന്ത്യയിൽ വച്ച് 2020 മേയിലുമാണ് ജനിച്ചതെന്ന് നിന ഇവരെ കാണാനില്ലെന്നു കാട്ടി ഗോവയിലെ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഇസ്രയേൽ പൗരനായ ഡ്രോർ പറയുന്നുണ്ട്.
നാൽപ്പതുകാരിയായ നിന തനിക്കുനേരെ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കാറുണ്ടെന്നും അതുകൊണ്ടാണ് അവരുമായി അകന്നുനിൽക്കുന്നതെന്നും ഡ്രോർ വ്യക്തമാക്കി. എങ്കിലും നിനയ്ക്കും മക്കൾക്കും സാമ്പത്തിക പിന്തുണ നൽകിയിരുന്നുവെന്നും ഡ്രോർ കൂട്ടിച്ചേർത്തു. ‘‘എന്നെ പണത്തിനുവേണ്ടി ഉപയോഗിക്കുകയാണെന്നു തോന്നിയിരുന്നു. നിനയും മക്കളും ഗോവയിൽ കഴിഞ്ഞപ്പോൾ കാണാൻ പലവട്ടം എത്തിയിരുന്നു. എന്നാൽ എന്നെ നിന ഒഴിവാക്കാൻ നോക്കുകയായിരുന്നു. ദിവസങ്ങളോളം എന്നോടു പറയാതെ മാറിനിൽക്കും. നിനയോടും മക്കളോടും അടുക്കാൻ പലവട്ടം ശ്രമം നടത്തി. പക്ഷേ, അവർ സമ്മതിച്ചില്ല.
നിനയുടെ മകൻ മരിച്ചുപോയിരുന്നു. അതിനുപിന്നാലെ നിനയെയും മക്കളെയും സഹായിക്കാനും ശ്രമിച്ചിരുന്നു. പനജിയിലെ ഒരു ഹോട്ടലിൽ മുറിയെടുത്തു നൽകി. എന്നാൽ കുട്ടികളെ കാണുന്നതിൽനിന്നു എന്നെ അവർ വിലക്കുകയായിരുന്നു. നിന കുട്ടികളെ ബ്രെയ്ൻവാഷ് ചെയ്യാറുണ്ട്. എന്നിൽനിന്ന് അകന്നുനിൽക്കണമെന്നാണ് കുട്ടികളോട് ആവശ്യപ്പെടാറ്. സമൂഹത്തിൽ ഇറങ്ങി ഇടപെടാൻ അവരെ നിന അനുവദിക്കാറില്ല. എനിക്ക് എന്റെ മക്കളുടെ ജീവിതത്തിന്റെ ഭാഗമാകണം.
അവരെ സാമ്പത്തികമായും മാനസികമായും പിന്തുണയ്ക്കണം’’ – പൊലീസിനു നൽകിയ പരാതിയിൽ ഡ്രോർ പറഞ്ഞു. ജൂലൈ 11നാണ് നിന കുട്ടിനയെയും മക്കളെയും രാമതീർഥ കുന്നികളിലെ ഗുഹയിൽനിന്നു കണ്ടെത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി ഇവിടെക്കഴിയുകയായിരുന്നു കുടുംബമെന്നാണ് വിവരം.