National

യുവാവുമായി ബന്ധം; ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി യുവതി, മരണം ഉറപ്പിക്കാൻ ഷോക്കേൽപ്പിച്ചു

ന്യൂഡൽഹി∙ ബന്ധുവായ യുവാവുമായുള്ള വിവാഹേതര ബന്ധത്തിന് തടസമായതിനെ തുടർന്ന് ഭർത്താവിനെ ഉറക്കഗുളിക നൽകി കൊലപ്പെടുത്തി യുവതി. ഡൽഹിയിൽ ജൂലൈ 13നാണ് കരൺ ദേവിനെ അപകടം പറ്റിയ നിലയിൽ ഭാര്യ സുസ്മിത ആശുപത്രിയിലെത്തിച്ചത്. അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റതാണെന്നാണ് സുസ്മിത ആശുപത്രി അധികൃതരെ അറിയിച്ചത്. അപകടമരണമായതിനാൽ പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് ഡൽഹി പൊലീസ് നിർദേശിച്ചെങ്കിലും സുസ്മിതയും ബന്ധുവായ രാഹുലും ഇതിന് സമ്മതിച്ചിരുന്നില്ല.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുസ്മിതയും രാഹുലും ചേർന്നാണ് കരൺ ദേവിനെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞത്. മരിച്ച കരണിന്റെ സഹോദരൻ കുനാൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇരുവർക്കുമെതിരെ അന്വേഷണം ആരംഭിച്ചത്. തെളിവായി സുസ്മിതയും രാഹുലും തമ്മിൽ നടന്ന ഇൻസ്റ്റാഗ്രാം ചാറ്റിന്റെ തെളിവും പൊലീസിന് ലഭിച്ചിരുന്നു. സുസ്മിതയും രാഹുലും തമ്മിൽ വിവാഹേതര ബന്ധമുണ്ടെന്നും അതുകൊണ്ടാണ് കരണിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ചാറ്റുകളിൽ നിന്ന് പൊലീസിന് വ്യക്തമായി.

ഉറക്കഗുളികകൾ കഴിച്ചാൽ മരണം സംഭവിക്കാൻ എടുക്കുന്ന സമയത്തെപ്പറ്റി സുസ്മിതയും രാഹുലും ഗൂഗിളിൽ തിരഞ്ഞതിന്റെ വിവരങ്ങളും പൊലീസിന് ഇതിനിടെ ലഭിച്ചു. തുടർന്ന് അത്താഴത്തിനിടെ കരണിന് 15 ഉറക്കഗുളികകളാണ് സുസ്മിത നൽകിയതെന്നും പൊലീസ് കണ്ടെത്തി. മരണം ഉറപ്പിക്കാൻ ഇരുവരും ചേർന്ന് കരണിനെ മനഃപൂർവം വൈദ്യുതാഘാതമേൽപ്പിച്ചുവെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ സുസ്മിതയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിൽ യുവതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പ്രതി രാഹുലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.