ന്യൂഡൽഹി∙ ഒഡിഷയിലെ പുരി ജില്ലയിൽ പതിനഞ്ചുകാരിയെ മൂന്ന് അക്രമികൾ ചേർന്ന് തീകൊളുത്തി. ബയാബർ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നാലെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. പൊള്ളലേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണ്. പെൺകുട്ടിയെ ഭുവനേശ്വറിലെ എയിംസിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവം കണ്ട പ്രദേശവാസികൾ ഓടിയെത്തിയാണ് പെൺകുട്ടിയുടെ ദേഹത്തു പടർന്ന തീ അണയ്ക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കുമെന്ന് ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ അറിയിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യാനും കർശന നടപടിയെടുക്കാനും ഉപമുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി.
അതേസമയം, സംഭവത്തിൽ സർക്കാരിനെതിരെ ആരോപണവുമായി മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്ക് രംഗത്തെത്തി. ഒഡിഷയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണെന്നും സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ട് നവീൻ പട്നായിക് പറഞ്ഞു.