ന്യൂഡല്‍ഹി: ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആര്‍ക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ വ്യാജ എംബസി നടത്തിയയാള്‍ പിടിയില്‍. ഗാസിയാബാദില്‍ എട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ വ്യാജ എംബസിയുടെ ‘അംബാസഡറെ’ യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സാണ് പിടികൂടിയത്.
വെസ്റ്റ് ആര്‍ക്ടിക്കയുടെ ‘ബാരണ്‍’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിന്‍ ആണ് പിടിയിലായത്.വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. എംബസിയുടെ അംബാസിഡര്‍ എന്ന വ്യാജേന ദേശീയ നേതാക്കളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും നയതന്ത്ര നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങളും ഉപയോഗിച്ച് ആളുകളെ ജെയിന്‍ കബളിപ്പിക്കുകയായിരുന്നു.
കവി നഗറില്‍ വാടകക്ക് എടുത്ത ആഡംബര കെട്ടിടത്തിലാണ് വ്യാജ എംബസി പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ 44.7 ലക്ഷം രൂപ, വിദേശ കറന്‍സി, 12 വ്യാജ നയതന്ത്ര പാസ്പോര്‍ട്ടുകള്‍, 18 നയതന്ത്ര പ്ലേറ്റുകള്‍, വ്യാജ സര്‍ക്കാര്‍ രേഖകള്‍ എന്നിവ അധികൃതര്‍ പിടിച്ചെടുത്തു.
എംബസി കെട്ടിടവളപ്പില്‍നിന്ന പാര്‍ക്ക് ചെയ്തിരുന്ന ആഡംബര കാറുകള്‍ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഫിസില്‍നിന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം ഈ ശൃംഖലയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോണ്‍ കൈവശം വച്ചതിന് 2011ല്‍ ജെയിനിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.