കൊച്ചി ∙ വാടകയ്ക്ക് ഫ്ലാറ്റെടുത്ത് പാട്ടത്തിന് മറിച്ചുകൊടുത്ത് ലക്ഷങ്ങൾ തട്ടിച്ച സംഘത്തിലെ പ്രധാനിയായ സ്ത്രീ ഒളിവിൽത്തന്നെ. ഒന്നാം പ്രതി പി.കെ.ആശ (54) ആണ് അന്വേഷക സംഘത്തെ വെട്ടിച്ചു മുങ്ങിയത്. കേസിലെ രണ്ടാം പ്രതി മിന്റു കെ.മാണി (37) ഈ മാസമാദ്യവും മറ്റൊരു പ്രതി സാന്ദ്ര (24) കഴിഞ്ഞ ദിവസവും പിടിയിലായിരുന്നു. ഇവർക്കെതിരെ നിലവിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതോളം പരാതികളുണ്ടെന്നാണ് വിവരം.
ആശയും സാന്ദ്രയും ചേർന്ന് വാഴക്കാല കേന്ദ്രീകരിച്ച് നടത്തിയിരുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പേരിലാണ് തട്ടിപ്പിന്റെ തുടക്കമെന്നാണ് പൊലീസ് പറയുന്നത്. വാടകക്കാരെ കണ്ടുപിടിക്കുന്ന ബ്രോക്കറും കൂട്ടാളിയുമാണ് മിന്റു. കാക്കനാടും പരിസര പ്രദേശങ്ങളിലുമുള്ള ഫ്ലാറ്റുകൾ വാടകയ്ക്ക് എടുക്കുകയാണ് സംഘം ആദ്യം ചെയ്യുക. രാജ്യത്തെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഫ്ലാറ്റ് സമുച്ചയങ്ങളിലൊക്കെ ഇവർ വാടയ്ക്ക് ഫ്ലാറ്റ് എടുക്കുന്നുണ്ട്. തുടർന്ന് ഇത് ലീസിന് നൽകുന്നു എന്ന് കാണിച്ച് ഒഎൽഎക്സ് പോലുള്ള വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പരസ്യം നൽകും. 11 മാസത്തേക്കാണ് പാട്ടക്കാലാവധി. ആവശ്യക്കാരുടെ ‘സ്റ്റാറ്റസ്’ അനുസരിച്ച് പാട്ടത്തുക തീരുമാനിക്കലാണ് പിന്നീട്.
ആവശ്യക്കാരെ മിന്റു ഫ്ലാറ്റ് കൊണ്ടുപോയി കാണിക്കും. തുടർന്ന് കരാർ ഒപ്പുവയ്ക്കും. ഇതിനു മുൻപു തന്നെ പാട്ടത്തുകയുടെ നല്ലൊരു ശതമാനം അഡ്വാൻസായി ആശയുടെ അക്കൗണ്ടിലേക്ക് അയയ്ക്കണം. കരാർ ഒപ്പു വച്ചുകഴിഞ്ഞാൽ പിന്നെ ഫ്ലാറ്റ് കിട്ടാനായി കാത്തിരിപ്പാണ്. ഇത്തരത്തിൽ പണം നൽകിയ രണ്ടു കൂട്ടർ ഒരുമിച്ച് കാക്കനാട്ടെ മാണിക്കുളങ്ങര റോഡിലുള്ള ഫ്ലാറ്റിലെത്തിയതോടെയാണ് തട്ടിപ്പു പുറത്തായത്. ഫ്ലാറ്റ് ലീസിന് എടുക്കാൻ 6.5 ലക്ഷം രൂപ നൽകിയയാളും 8 ലക്ഷം രൂപ നൽകിയ വ്യക്തി കുടുംബത്തോടൊപ്പവും കാക്കനാട്ടെ ഫ്ലാറ്റിൽ എത്തിയതോടെ തട്ടിപ്പിന്റെ ചുരുളഴിയുകയായിരുന്നു. ഇവർക്ക് നൽകുമെന്ന് പറഞ്ഞിരുന്ന ഫ്ലാറ്റിലെ താമസക്കാർ അപ്പോഴും ഒഴിഞ്ഞിരുന്നുമില്ല. ഇവർ വേഗം ഒഴിയുമെന്നായിരുന്നു മിന്റുവിന്റെയും കൂട്ടരുടെയും വാഗ്ദാനം.
പിന്നാലെ സ്ഥലത്തെത്തിയ രണ്ടു കൂട്ടർക്കും തട്ടിപ്പു മണത്തതോടെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് മൂന്നു പേർ കൂടി ഇത്തരത്തിൽ പരാതി നൽകി എന്നാണ് റിപ്പോർട്ടുകൾ. ഈ ഒരു ഫ്ലാറ്റ് മാത്രം കാണിച്ച് 20 ലക്ഷത്തോളം രൂപയാണ് പ്രതികൾ തട്ടിച്ചതെന്നതായിരുന്നു ആദ്യ കേസ്. ഈ കാര്യങ്ങൾ പുറത്തു വന്നതോടെ സമാന രീതിയിൽ കബളിപ്പിക്കപ്പെട്ട കൂടുതൽ പേര്‍ രംഗത്തു വരികയും തൃക്കാക്കര, ഇൻഫോ പാർക്ക് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകൾ റജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ഒട്ടേറെ പേരിൽ നിന്ന് പണം ഈടാക്കിക്കഴിയുമ്പോൾ ഇതിൽ ഒരാൾക്ക് ഫ്ലാറ്റ് താമസിക്കാൻ നൽകും. എന്നാൽ വിവിധ കാരണങ്ങൾ പറഞ്ഞ് കാലാവധി കഴിയുന്നതിനു മുൻപു തന്നെ ഇവരെ ഒഴിപ്പിക്കാനുള്ള കാര്യങ്ങൾ നീക്കുന്നതാണ് അടുത്ത ഘട്ടം. ബാക്കി തുക തിരിച്ചു നൽകുമെന്നത് അടക്കമുള്ള വാഗ്ദാനങ്ങൾ നൽകിയാണ് ഇത്. എന്നാൽ ചെറിയൊരു തുക നൽകി ഇവരെ ഒഴിപ്പിക്കുകയും കൂടുതൽ തുകയ്ക്ക് മറ്റൊരാൾക്ക് ഫ്ലാറ്റ് നൽകുകയുമാണ് ചെയ്യുക. പണം പോയവരും ബാക്കി തുക ലഭിക്കാനുള്ളവരുമൊക്കെ പിന്നാലെ നടന്നാലും ആസൂത്രിതമായി ഇവരെ പ്രതികൾ ഒഴിവാക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് ഏറെക്കാലമായി നടന്നിരുന്നത് എന്നാണ് റിപ്പോർട്ടുകൾ.