ഭോപ്പാൽ: ബുള്ളറ്റിൽ കൂറ്റൻ വിഷപ്പാമ്പുമായി വിദ്യാർത്ഥി രണ്ടുമണിക്കൂറോളം സഞ്ചരിച്ചു. ബൈക്കിന്‍റെ ഇന്ധനടാങ്കിന് അടിയില്‍ ഒളിച്ചിരുന്ന കൂറ്റൻ അണലിയുടെ കടിയേൽക്കാതെ യുവാവ് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത് . മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. നഗരത്തിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബിഎ വിദ്യാർത്ഥിയാണ് വിഷപ്പാമ്പുമായി കിലോമീറ്ററുകളോളം സഞ്ചരിച്ചത്.
വിദ്യാര്‍ത്ഥി ഓടിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റിന്‍റെ ഇന്ധന ടാങ്കിനടിയിലായിരുന്നു അണലിയെ കണ്ടെത്തിയത്. ബൈക്കില്‍ പാമ്പുണ്ടെന്ന് അറിയാതെ, മാർക്കറ്റിലടക്കം രണ്ടു മണിക്കൂറോളമാണ് വിദ്യാർത്ഥി സഞ്ചരിച്ചത്. ഇടയ്ക്ക് വാഹനത്തിന് എന്തോ സാങ്കേതിക പ്രശ്നം തോന്നിയതിനെത്തുടർന്ന് സര്‍വീസ് സെന്‍ററില്‍ എത്തിക്കുകയായിരുന്നു.
സർവീസ് സെന്ററിലെ മെക്കാനിക്ക് പരിശോധിക്കാനായി വാഹനത്തിന്റെ കവർ തുറന്നു നോക്കിയപ്പോഴാണ് കൂറ്റൻ അണലി, ഇന്ധന ടാങ്കിനടിയിൽ ചുരുണ്ടുകൂടിയിരിക്കുന്നത് കണ്ടെത്തുന്നത്. ഉടൻ തന്നെ വിദ്യാർത്ഥിയെ മാറ്റുകയും പാമ്പുപിടിത്തക്കാരനെ വിളിക്കുകയുമായിരുന്നു. പാമ്പുപിടിത്തക്കാരനായ അകിൽ ബാബ എത്തിയാണ് അണലിയെ പിടികൂടിയത്.