കൽപ്പറ്റ: തൊണ്ടാർ, കടമാൻചിറ വൻകിട നിർദ്ദിഷ്ട പദ്ധതികൾ ജനങ്ങളിൽ സൃഷ്ടിച്ച ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ കനകം വിളയിച്ച കുടിയേറ്റ കർഷക ജനതയെ വ്യാപകമായി കുടിയൊഴിപ്പിക്കാൻ സഹായിക്കുന്നതാണ് രണ്ടു പദ്ധതികളുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
ജില്ലയിൽ കാരാപ്പുഴ, ബാണാസുര സാഗർ എന്നീ രണ്ടു വൻകിട പദ്ധതികൾക്ക് പുറമെയാണ് തൊണ്ടാർ, കടമാൻചിറ പദ്ധതികളുടെ ഡി.പി.ആർ തയ്യാറാക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഡി.പി.ആർ തയ്യാറാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം നിലനിൽക്കുകയാണ്. ജനഹിതം മാനിക്കാതെ പദ്ധതികളുമായി സർക്കാർ മുന്നാട്ടുപോവുന്നത് ദൂരവ്യാപകമായ ഭവിഷ്യത്തുകൾക്ക് കാരണമാവുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. വൈസ് പ്രസിഡന്റ് ലത്തീഫ് അമ്പലവയൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി.കുഞ്ഞബ്ദുല്ല സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. കൃഷിക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേന്ദ്ര സംസ്ഥാന സർക്കാറുകൾ കർഷകരോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും ഓഗസ്ത് 11ന് കൃഷിഭവനുകൾക്ക് മുൻപിൽ സമരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ഓഗസ്ത് രണ്ടിന് മൂന്ന് മണിക്ക് സുൽത്താൻ ബത്തേരി, നാലു മണിക്ക് കൽപ്പറ്റ, മാനന്തവാടി നിയോജക മണ്ഡലം കൺവൻഷനുകൾ ചേരാനും തീരുമാനിച്ചു.സംസ്ഥാന കൗൺസിലർ മായൻ മുതിര, സി.മുഹമ്മദ്, അബുബക്കർ തന്നാണി, ഷംസുദ്ദീൻ ബിദർക്കാട്, സലീം കേളോത്ത്, പി.കെ.മൊയ്തീൻ കുട്ടി, എം.എം. ഹുസൈൻ, കുഞ്ഞി മുഹമ്മദ് പറമ്പൻ, ആർ.പി. അസ്‌ലം തങ്ങൾ പ്രസംഗിച്ചു. സെക്രട്ടറിമാരായ കെ.ടി.കുഞ്ഞബ്ദുല്ല സ്വാഗതവും അലവി വടക്കേതിൽ നന്ദിയും പറഞ്ഞു.