കൽപറ്റ ∙ പള്ളിത്താഴെ റോഡിലെ ഡേ കെയർ സെന്ററിലെ കൊച്ചു കുട്ടികൾക്കൊപ്പം ജീവിതത്തിലേക്ക് പതിയെ പിച്ച വച്ചു കയറാൻ ശ്രമിക്കുകയാണു ബന്ധുക്കളായ ഷാഹിനയും മുഹ്മീനയും ശുഹൈബയും സുഹൈറയും. തങ്ങളുടെ നാടിനെ നാമാവശേഷമാക്കിയ ആ മഹാദുരന്തത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ഇവരും. ആരുടെയും സഹായത്തിന് കാത്തുനിൽക്കാതെ, കയ്യിലുണ്ടായിരുന്ന സമ്പാദ്യങ്ങളെല്ലാം നുള്ളി പെറുക്കിയാണ് അവർ ഡേ കെയർ സെന്റർ തുടങ്ങിയത്. ‘കിഡോ സോൺ’ എന്നാണ് ഇൗ അതിജീവന സംരംഭത്തിനു ഇവർ നൽകിയ പേര്. ഇവരിൽ ഷാഹിനയുടെ വീട് പുഞ്ചിരിമട്ടത്തായിരുന്നു. ഒഴുകിയെത്തിയ ഉരുൾ ഷാഹിനയുടെ ഇരുനില വീട് പൂർണമായും തകർത്തു.
ഇടമുറിയാതെ പെയ്യുന്ന മഴയുടെ ഭീകരത മനസ്സിലാക്കിയ ഷാഹിനയും കുടുംബവും ദുരന്തത്തിന്റെ തലേദിവസം ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ഭർത്താവ് നാസർ 24 വർഷമായി സൗദി അറേബ്യയിൽ തയ്യൽത്തൊഴിലാളിയായിരുന്നു. ഇതിൽ നിന്നുണ്ടാക്കിയ സമ്പാദ്യം മുഴുവനും ഉപയോഗിച്ചാണ് വീട് നിർമിച്ചത്.
മുഹ്മീന കഴിഞ്ഞ 15 വർഷമായി ദുബായിൽ നഴ്സായിരുന്നു. ഭർത്താവ് കോന്നാടൻ ഷുക്കൂറും 4 മക്കളുമായി അവിടെയായിരുന്നു താമസം. മുണ്ടക്കൈ മദ്രസയ്ക്ക് എതിർവശത്തായിരുന്നു ഇവരുടെ വീട്. കയ്യിലുണ്ടായിരുന്ന സമ്പാദ്യങ്ങളെല്ലാം മുണ്ടക്കൈയിൽ റിസോർട്ട് നിർമാണത്തിനായി നൽകിയിരുന്നു. ഇതിനിടയിലാണു ദുരന്തമുണ്ടായത്. തുടർന്ന് നാട്ടിലേക്ക് തിരിച്ചു മടങ്ങേണ്ടി വന്നു. ക്യാംപിൽ റജിസ്റ്റർ ചെയ്യാത്തതിനാൽ ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല. ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണു സ്വന്തമായൊരു സംരംഭം തുടങ്ങാൻ തീരുമാനിച്ചത്. ബിസിഎ പാസായ സുഹൈറയെയും ബിഎഡ് കഴിഞ്ഞ ശുഹൈബയെയും ഒപ്പം ചേർത്തു. 4 പേരും നിശ്ചിത തുകയെടുത്താണ് സെന്റർ തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണു ഡേ കെയർ സെന്ററിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. 3 മാസങ്ങൾ കൊണ്ടു സെന്റർ പ്രവർത്തന സജ്ജമായി.
കഴിഞ്ഞ മേയ് 17നായിരുന്നു സെന്ററിന്റെ ഉദ്ഘാടനം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് സെന്ററിന്റെ പ്രവർത്തനം. ആധുനിക സൗകര്യങ്ങളെല്ലാം സെന്ററിലുണ്ട്. ഡയറ്റ് ചാർട് അനുസരിച്ചാണു കുട്ടികൾക്കുള്ള ഭക്ഷണം. ഡയറ്റീഷ്യന്റെ സേവനവും സെന്ററിൽ ലഭ്യമാകും. നിലവിൽ സെന്ററിൽ കുട്ടികളുടെ എണ്ണം കുറവാണ്. എന്നാലും വൈകാതെ കെജി സെക്‌ഷനും ട്യൂഷൻ സെന്ററും കൂടി തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.