മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ടീമിന്റെ തുടരും എന്ന സിനിമ റെക്കോര്‍ഡുകള്‍ തിരുത്തി ജൈത്രയാത്ര തുടരുകയാണ്. ചിത്രം കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 100 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. ഇതിന്റെ സന്തോഷം മോഹന്‍ലാലും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
‘കേരള ബോക്‌സ് ഓഫീസില്‍ മാത്രം 100 കോടി നേടുന്ന ആദ്യ സിനിമ എന്ന റെക്കോര്‍ഡും തുടരും എന്ന സിനിമ നേടിയിട്ടുണ്ട്. നമ്മള്‍ ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്! കേരളത്തിന് നന്ദി,’ എന്ന് മോഹന്‍ലാല്‍ കുറിച്ചു.അതേസമയം, ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് തുടരും. മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങിയ എംപുരാനും 200 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.തുടരും സിനിമയുടെ തമിഴ് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. ‘തൊടരും’ എന്നാണ് തമിഴ് പതിപ്പിന്റെ പേര്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തമിഴ്‌നാട്ടില്‍ നിന്നും ലഭിക്കുന്നത്. മോഹന്‍ലാല്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും സിനിമയുടെ സെക്കന്റ് ഹാഫ് നല്ല മാസായിട്ടുണ്ടെന്നുമാണ് അഭിപ്രായങ്ങള്‍.
ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്.