മെൽബൺ∙ ശുചിമുറിയിൽ ഒളിക്യാമറ വച്ച് സഹപ്രവർത്തകരായ വനിതകളുടെ ദൃശ്യങ്ങൾ പകർത്തിയ യുവ ഡോക്ടർ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് വാദിച്ച് അഭിഭാഷകൻ രംഗത്ത്. ഓസ്റ്റിൻ ഹോസ്പിറ്റൽ, റോയൽ മെൽബൺ ഹോസ്പിറ്റൽ, പീറ്റർ മക്കല്ലം കാൻസർ സെന്റർ എന്നിവിടങ്ങളിലെ ശുചിമുറികളിലും ഷവറുകളിലും ഒളിക്യാമറ വച്ചതിന് ട്രെയിനി സർജൻ റയാൻ ചോ (28) ആണ് പിടിയിലായത്.
460 പേരുടെ നഗ്നദൃശ്യങ്ങൾ റയാൻ ചോ ഒളിക്യാമറയിൽ പകർത്തിയെന്നാണ് നിലവിൽ സംശയിക്കുന്നത്. ഇരകളുടെ എണ്ണം കൂടാനാണ് സാധ്യത. കൃത്യമായ എണ്ണം ഇപ്പോഴും അജ്ഞാതമാണ്. 4,500 ഓളം വിഡിയോകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
കർശന ഉപാധികളോടെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. കർഫ്യൂ, നിർബന്ധിത വൈദ്യചികിത്സ, 50,000 ഡോളർ ബോണ്ട്, പ്രതി മാതാപിതാക്കളുടെ കൂടെ താമസിക്കണം എന്നിവ ജാമ്യവ്യവസ്ഥകളാണ്. അടിയന്തര സാഹചര്യങ്ങളിലൊഴികെ ആശുപത്രികളിൽ ഹാജരാകുന്നതിൽ നിന്നും അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്. സിംഗപ്പൂർ പൗരനായ പ്രതി രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. അതിനാൽ ജാമ്യം അനുവദിക്കരുതെന്ന വാദം കോടതി തള്ളി. പ്രതി ദൃശ്യങ്ങൾ പകർത്തിയവരെ ഭീഷണിപ്പെടുത്തിയിട്ടില്ല. ആർക്കും ദൃശ്യങ്ങൾ വിതരണം ചെയ്യുകയോ ഫോർവേഡ് ചെയ്യുകയോ വിപണനം ചെയ്യുകയോ ചെയ്യുന്നതായി തെളിവില്ലെന്ന വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി ഡോ. റയാൻ ചോ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ക്യാമറകളോ ഫോണുകളോ പോലുള്ള റെക്കോർഡിങ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് പ്രതിക്ക് കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് തവണ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു.