ഭുവനേശ്വർ ∙ ഒഡീഷയിൽ സ്കൂളിൽ ജനാലയഴികൾക്കിടയിൽ തല കുടുങ്ങിയ നിലയിൽ രാത്രി മുഴുവനും കഴിയേണ്ടിവന്ന 8 വയസ്സുകാരിയെ നാട്ടുകാർ രക്ഷിച്ചു. സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. കെഞ്ജുഗർ ജില്ലയിലെ സർക്കാർ യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ബെഞ്ചിൽക്കിടന്ന് ഉറങ്ങിപ്പോയി. ഇതറിയാതെ ക്ലാസ്മുറി പുറത്തുനിന്നു പൂട്ടിപ്പോകുകയായിരുന്നു. കുട്ടി തിരിച്ചെത്താതെ വന്നതോടെ കുടുംബാംഗങ്ങൾ രാത്രി പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല.
രാവിലെ നാട്ടുകാർ സ്കൂളിൽ പരിശോധന നടത്തിയപ്പോഴാണ് ജനാലയഴികൾക്കിടയിൽ തല കുടുങ്ങി നിലവിളിക്കുന്ന കുട്ടിയെ കണ്ടത്. ജനാല വഴി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയാണു കുടുങ്ങിയത്. സംഭവദിവസം വൈകിട്ട് ചില വിദ്യാർഥികളാണു സ്കൂൾ പൂട്ടിപ്പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതെത്തുടർന്നാണു ഹെഡ്മാസ്റ്റർക്കെതിരെ നടപടിയുണ്ടായത്. അഴികൾക്കിടയിൽ കുടുങ്ങിയ കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.