Listen live radio

രാത്രിയാത്ര നിരോധനം: യു.ഡി.എഫ് നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനുളള നീക്കമെന്ന് സി.പി.എം

after post image
0

- Advertisement -

 

കൽപ്പറ്റ: എൻ.എച്ച് – 766 കോഴിക്കോട് – മൈസൂർ ദേശീയപാതയിലെ രാത്രിയാത്ര നിരോധനത്തിൽ യു.ഡി.എഫ് നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ജില്ല ഒറ്റക്കെട്ടായി രാത്രിയാത്ര നിരോധനം നീക്കുന്നതിനുള്ള പോരാട്ടത്തിൽ നിലകൊള്ളുമ്പോൾ അതിന് തുരങ്കം വെക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം യു.ഡി.എഫ് നേതാക്കൾ നടത്തുന്നത്. ബദൽ പാത വികസിപ്പിക്കാൻ ദേശീയപാത അതോറിറ്റി പദ്ധതിരേഖ തയ്യാറാക്കുന്നതിന്റെ മറവിൽ സംസ്ഥാന സർക്കാരിനെതിരെ രാഷ്ട്രീയ പ്രചാരണം നടത്തുകയാണ് ഇക്കൂട്ടർ. സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന യു.ഡി.എഫ് പ്രഖ്യാപനം ഇതാണ് തെളിയിക്കുന്നത്.

ഏതെങ്കിലും റോഡ് വികസിക്കുന്നതിന് സി.പി.എം എതിരല്ല. മറിച്ച് എൻ.എച്ച് 766 അടക്കുന്നതിന് പാർട്ടി എതിരാണ്. എൻ.എച്ച് 766 ന് ബദലില്ല. നിലവിലുള്ള നിരോധനം പോലും നീക്കുകയാണ് വേണ്ടത്. യാത്രാ നിരോധനം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ദേശിയപാതയിൽ മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും സ്വതന്ത്രമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിന് നാറ്റ്പാക് നിർദ്ദേശിച്ചിട്ടുള്ള എലിവേറ്റഡ് ഹൈവേക്ക് ആകെ ചെലവ് വരുന്ന 500കോടിയുടെ പകുതി തുകയായ 250കോടി രൂപ കേരള സർക്കാർ ബജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. യാത്രനിരോധനം പിൻവലിക്കണമെന്ന് കേരള നിയമസഭ പ്രമേയവും പാസാക്കിയിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലാണ്.
അതേസമയം നിരോധനം വന്ന് 12 വർഷം തികയുമ്പോൾ ഈ കാലയളവിൽ കേന്ദ്രവും കർണാടകവും കേരളവുമെല്ലാം ഒരുപോലെ കോൺഗ്രസ് ഭരിച്ചിരുന്നു. അന്നൊന്നും പ്രശ്‌നം പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്തവരാണ് ഇപ്പോൾ പരിഹസിക്കുന്നത്. കേസിൽ കർണാടകത്തിന്റെ നിലപാട് നിർണായകമാണെന്നിരിക്കെ, കർണാടകം കോൺഗ്രസ് ഭരിച്ച കാലയളവിലൊന്നും സമ്മർദ്ദം ചെലുത്തി നിരോധനം പിൻവലിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ലെന്നും കോൺഗ്രസ് വ്യക്തമാക്കണം. ദേശിയപാത നിരോധനം പിൻവലിക്കാൻ ഒറ്റകെട്ടായി നിലകൊള്ളുന്ന ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം യു.ഡി.എഫ് ഉപേക്ഷിക്കണമെന്നും സി.പി. എം പ്രസ്താവനയിൽ പറഞ്ഞു.

 

Leave A Reply

Your email address will not be published.