Kerala

മൃതദേഹം ഹേമചന്ദ്രന്റേത് തന്നെ; ഡിഎൻഎ പരിശോധനാ ഫലം പുറത്ത്

കോഴിക്കോട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസിൽ മൃതദേഹം ഹേമചന്ദ്രന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരണം.കണ്ണൂർ ഫൊറൻസിക്സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂൺ 28 ന് ഹേമചന്ദ്രൻ കൊല്ലപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ചേരമ്പാട് വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഡിഎൻഎ ഫലം കൂടി വന്നതിന് ശേഷം മാത്രമേ മൃതദേഹം വിട്ടുനൽകാൻ കഴിയുമായിരുന്നുളൂ.

ഡിഎൻഎ പരിശോധനയ്ക്കായി ഹേമചന്ദ്രന്റെ അമ്മയുടെയും മക്കളുടെയും രക്ത സാമ്പിളുകൾ ശേഖരിച്ചിരുന്നു. എന്നാൽ ഡിഎൻഎ ഫലം വൈകുന്നതിൽ കുടുംബം മുഖ്യമന്ത്രിക്കടക്കം പരാതി അയക്കുകയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിഎൻഎ ഫലം വേഗത്തിൽ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയും ജില്ലാപൊലീസ് മേധാവിയും നിർദേശം നൽകിയിരുന്നു.2024 മാര്‍ച്ചിലാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ജൂണ്‍ 28നാണ് ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. വയനാട് ചേരമ്പാടിയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകള്‍ കൊലപാതകത്തിന് പിന്നിലുണ്ടെന്നായിരുന്നു പൊലീസിന്റെ അനുമാനം. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഹേമചന്ദ്രന്‍ തൂങ്ങിമരിച്ചതാണെന്നും അങ്ങനെ കണ്ടപ്പോള്‍ മൃതദേഹം കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നായിരുന്നു മുഖ്യപ്രതി നൗഷാദിന്റെ ആദ്യമൊഴി. എന്നാല്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.