Kerala

‘വസ്ത്രം മാറുന്നതു പോലെ പ്രണയം മാറുന്നു, ഒരു മൊബൈലി‍ൽ ഒരുപാട് കാമുകി കാമുകന്മാർ’: വൈറലായി രാഹുലിന്റെ പഴയ ലേഖനം

പത്തനംതിട്ട ∙ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളും പാർട്ടി നടപടിയും ചർച്ചയാകുമ്പോൾ 15 വർഷങ്ങൾക്കു മുൻപു കോളജ് മാഗസിനിൽ രാഹുൽ എഴുതിയ ലേഖനം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 2009-10ലെ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ‘ഒരു പേരിലെന്തിരിക്കുന്നു’ എന്ന പേരിൽ പുറത്തിറങ്ങിയ മാഗസിനിലായിരുന്നു ‘നഷ്ടസ്വപ്നങ്ങൾ’ എന്ന ലേഖനം രാഹുൽ എഴുതിയത്. രാഹുൽ ലേഖനത്തിലെഴുതിയതും സമീപകാല സംഭവവികാസങ്ങളും ചേർത്തുവച്ചാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നത്.

ഇന്ന് പ്രണയമെന്ന വാക്ക് ഡേറ്റിങ് എന്നും ചാറ്റിങ്ങെന്നും ചീറ്റിങ്ങെന്നുമൊക്കെയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നുവെന്ന് രാഹുൽ ലേഖനത്തിൽ എഴുതിയിരിക്കുന്നു. പ്രണയം പലപ്പോഴും അതിരുകൾവിട്ട്, മാംസക്കൊതിയന്മാരുടെ കാമവെറികൾക്കും, ക്യാമറക്കണ്ണുകൾക്കും കീഴടങ്ങിയിരിക്കുന്നു. വസ്ത്രം മാറുന്നതുപോലെ പ്രണയം മാറുന്നത് ക്യാംപസിന്റെ പുതിയ ട്രെൻഡാണ്. ഒരു മൊബൈലിൽ നിന്ന് ഒരുപാട് കാമുകന്മാരെയും കാമുകിമാരെയും സമ്പാദിച്ച് രസിക്കുകയാണ് പലരും. മിസ്ഡ് കോളില്‍ നിന്നും വിരിയുന്ന പ്രണയങ്ങൾ പരിധിക്ക് പുറത്താകുമ്പോൾ താനേ കട്ടാകുന്നതും ഇന്ന് പതിവ് കാഴ്ചയാണെന്നും രാഹുൽ ലേഖനത്തിൽ എഴുതിയിരിക്കുന്നു.

‘‘ലൈബ്രറിയുടെ അരണ്ട വെളിച്ചത്തിൽ പുസ്തകങ്ങൾക്കിടയിൽ പ്രണയലേഖനം ഒളിപ്പിച്ചു നടന്നകന്ന റസിയയുടെയും, ആ പ്രണയലേഖനത്തിലെ കവിതകൾക്കുള്ളിലെ വരികൾക്കിടയിൽ റസിയ ഒളിപ്പിച്ചുവച്ച ജീവിതത്തെ വായിച്ചറിയുവാൻ ഓടിയെത്തിയ പാട്ടുകാരൻ മുരളിയുടെയും പ്രതിരൂപങ്ങളാണ് ആദ്യം മനസ്സിലൂടെ കടന്നുപോയത്. റസിയമാരുടെ ചുണ്ടിലെ പൂഞ്ചരിപ്പാലിനുള്ളിലെ പഞ്ചസാരയാകുവാൻ കാത്തുനിന്ന മുരളിമാർ കലാലയങ്ങൾക്ക് അന്യമാകുന്നുവോ’’ എന്നും രാഹുൽ ലേഖനത്തിൽ എഴുതിയിരിക്കുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.