Listen live radio

ജയസൂര്യയുടെ ഒറ്റയാൾ പ്രകടനം! പ്രേക്ഷകമനം കവർന്ന് ‘സണ്ണി’!

after post image
0

- Advertisement -

രഞ്ജിത്ത് ശങ്കർ – ജയസൂര്യ കൂട്ടുകെട്ട് ‘പ്രേതം 2’നു ശേഷം ഒന്നിച്ച ചിത്രമാണ് ‘സണ്ണി’. ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി. ഒരു കഥാപാത്രം മാത്രമുള്ള സിനിമ എന്ന നിലയിൽ വാർത്തകൾ വന്നിരുന്നെങ്കിലും ശബ്ദ സാന്നിധ്യത്തിന് പുറമെ ചില കഥാപാത്രങ്ങളും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൊവിഡും ക്വാറൻറൈനും ആണ് ഈ സിനിമയുടെ പശ്ചാത്തലം.

ദുബായ് യിൽ നിന്നും നാട്ടിലെത്തിയ പ്രവാസിയാണ് സണ്ണി. ഏഴു ദിവസത്തെ ക്വാറൻറൈൻ വാസത്തിന് വേണ്ടി ലക്ഷ്വറി ഹോട്ടലായ ഗ്രാൻഡ് ഹയാത്തിൽ മുറി എടുത്തു. അപകടകരമായ മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന സണ്ണിയുടെ ജീവിതം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു വയ്ക്കുകയാണ് രഞ്ജിത്ത് ശങ്കർ. പ്രതീക്ഷകൾ അസ്തമിച്ചു, ജീവിതം ഇനിയെന്ത് എന്ന് കണ്ണും മിഴിച്ചു നിൽക്കുന്ന അവസ്ഥയിലൂടെ കടന്നു പോകാത്ത മനുഷ്യർ ആരുമുണ്ടാകില്ല. അവിടെയാണ് സണ്ണി നമ്മളിൽ ഒരുവനായി മാറുന്നത്.

ജീവാംശമായ സംഗീതം മാറ്റിവച്ചാണ് കുടുംബത്തിന് വേണ്ടി സണ്ണി കടൽ കടന്നത്. പക്ഷെ, പലതും നഷ്ടപ്പെട്ടു, നഷ്ടപ്പെടുത്തി ഒടുവിൽ അയാൾ ജീവിതം തന്നെ മടുത്തു നാട്ടിൽ എത്തുകയാണ്. ഏഴു ദിവസത്തെ ഏകാന്ത വാസം. അത് ഒരാളെ എത്രത്തോളം മനസികമായി തളർത്തും എന്ന് വ്യക്തമായി ചിത്രീകരിക്കുന്നുണ്ട് രഞ്ജിത്ത് ശങ്കർ.

തൻറെ നൂറാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോഴേക്കും ഒരു അഭിനേതാവ് എന്ന നിലയിൽ ഏറെ ദൂരം മുന്നോട്ട് പോയിരിക്കുകയാണ് ജയസൂര്യ. സൂക്ഷിച്ച് പെരുമാറിയില്ലെങ്കിൽ വീണുടഞ്ഞു പോകാവുന്ന സ്ഫടികം പോലെയാണ് സണ്ണി എന്നാ കഥാപാത്രം. വളരെ സൂക്ഷ്മതയോടെ കഥാപാത്രത്തിൻറെ ഭാവ ചലനങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ജയസൂര്യക്ക് സാധിച്ചിട്ടുണ്ട്. ശബ്ദ സാന്നിധ്യമായി എത്തുന്ന കഥാപാത്രങ്ങൾ പോലും പ്രേക്ഷകരോട് സംവദിക്കുന്നു. അതിൽ ഏറ്റവും ശ്രദ്ധേയം ഇന്നസെൻറ് അവതരിപ്പിക്കുന്ന ഡോക്ടർ ഈരാളിയാണ്.

നൊമ്പരപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി നല്ല നിമിഷങ്ങൾ ഈ സിനിമ നൽകുന്നുണ്ട്. സിനിമയുടെ കരുത്ത് അതിൻറെ ദൈർഘ്യമാണ്, ഒന്നര മണിക്കൂറിൽ കഥയെ പൂർണമാക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ശങ്കർ ശർമ്മയുടെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് കരുത്താകുന്നു. സണ്ണിയുടെ മാനസിക വ്യാപാരങ്ങളെ അതെ തീവ്രതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹത്തിൻറെ സംഗീതം വിജയിക്കുന്നുണ്ട്.

കഥയുടെ ഒഴുക്കിൽ ഇഴുകി ചേർന്നിരിക്കുന്ന ഗാനങ്ങളും മികച്ച അനുഭവമാകുന്നു. മധു നീലകണ്ഠൻ ഒരുക്കിയ ഫ്രെയിമുകൾ മികച്ചൊരു കാഴ്ചനുഭവം നൽകുന്നു. ഒറ്റ ലൊക്കേഷനും ഒരു കഥാപാത്രവും നൽകുന്ന ആവർത്തന വിരസത അനുഭവപ്പെടുത്താതെ പ്രേക്ഷകനെ എൻഗേജിങ് ആക്കുന്നുണ്ട് അദ്ദേഹത്തിൻറെ ഛായഗ്രഹണം. ചടുലമായ താളമല്ല സിനിമയുടേത്. അത് സണ്ണിയുടെ മാനസിക വ്യാപാരങ്ങൾക്കും പിരിമുറുക്കങ്ങൾക്കും അനുസരിച്ചു ഏറിയും കുറഞ്ഞുമിരിക്കുന്നു.

അതിഗംഭീര സിനിമ എന്ന അവകാശവാദം ഇല്ല. പക്ഷെ, സണ്ണി ഒരു പ്രതിബിംബമാണ്. എവിടെയോ, ഏതോ പോയിൻറിൽ നമുക്ക് നമ്മളെ സണ്ണിയിൽ കാണാം. ജയസൂര്യക്ക് പുറമെ ശബ്ദ സാന്നിധ്യമായി എത്തിയ കഥാപാത്രങ്ങളുടെ കാസ്റ്റിംഗ് സിനിമയുടെ വലിയ കരുത്താണ്. അവിടെ രഞ്ജിത്ത് ശങ്കർ പ്രശംസ അർഹിക്കുന്നു. പൂർണമായും ഒടിടി ലക്ഷ്യം വച്ചുള്ള ഒരു കൊച്ചു നല്ല സിനിമ എന്ന് തന്നെ വിശേഷിപ്പിക്കാം ജയസൂര്യയുടെ ഈ ഒറ്റയാൾ പ്രകടനത്തെ.

Leave A Reply

Your email address will not be published.