Listen live radio

സുരേഷ് ഇനി 5 പേരിലൂടെ ജീവിക്കും

after post image
0

- Advertisement -

 

തിരുവനന്തപുരം: ഇടുക്കി വണ്ടൻമേട് പാലത്തറ വീട്ടിൽ പി.എം. സുരേഷ് (46) ഇനി 5 പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച സുരേഷിന്റെ അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തു. കരൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എൻ.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. തീവ്രമായ വേദനയ്ക്കിടയിലും അവയവദാനത്തിനായി മുന്നോട്ട് വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആദരവറിയിച്ചു.

ലോഡിംഗ് തൊഴിലാളിയായ സുരേഷ് സെപ്റ്റംബർ 24ന് രാത്രിയോടെ വണ്ടൻമേട്ടിലെ ജോലി സ്ഥലത്തെ സ്റ്റെപ്പിൽ നിന്നും തെന്നി താഴേക്ക് വീണാണ് അപകടമുണ്ടായത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ 25ന് എറണാകുളം രാജഗിരി ആശുപത്രിയിലെത്തിച്ചു. ചികിത്സകൾ പുരോഗമിക്കവേ കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണമടയുകയായിരുന്നു.

അവയവദാനത്തിന് ഭാര്യ ബിന്ദു സുരേഷ്, മക്കൾ അജീഷ് (22), വിനീഷ് (19), വീണ (17) എന്നിവർ സ്വമേധയാ രംഗത്ത് വരികയായിരുന്നു. അച്ഛൻ തന്നെ അവയവദാനത്തിന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞിരുന്നതായി മകനും ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയുമായ വിനീഷ് പറഞ്ഞു. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള സൂപ്പർ അർജന്റ് രോഗിയ്ക്കാണ് നൽകുന്നത്. ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജ്, ഒരു വൃക്ക ലേക്ഷോർ കൊച്ചി, കണ്ണുകൾ എൽ.എഫ്. അങ്കമാലി എന്നിവിടങ്ങളിൽ ചികിത്സയിലുള്ള, അവയവങ്ങൾ യോജിച്ച രോഗികൾക്കാണ് നൽകുന്നത്.

ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം പോലീസ് ഉദ്യോഗസ്ഥർ ഗ്രീൻ ചാനൽ ക്രമീകരണമൊരുക്കിയിട്ടുണ്ട്. കെ.എൻ.ഒ.എസ്. നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.

 

Leave A Reply

Your email address will not be published.