Listen live radio

ഹര്‍ഷം നാടിന് മാതൃക വീടുകളുടെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും – മുഖ്യമന്ത്രി

after post image
0

- Advertisement -

പുത്തുമല പുനരധിവാസ പദ്ധതിയ്ക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണം കാലതാമസമില്ലാതെ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പ്രോജക്ടായ പുത്തുമല പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനവും വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മവും പൂത്തകൊല്ലിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിച്ച് നടന്നും കൂട്ടായി ജീവിച്ചും ഒരു സമൂഹം രൂപപ്പെടുന്ന രീതിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഹര്‍ഷം പദ്ധതി നാടിനാകെ മാതൃകയാണ്. എല്ലാവരും ഒത്തൊരുമിച്ച് ശ്രമിച്ചതിന്റെ ഭാഗമായാണ് പദ്ധതി സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

ദുരിതബാധിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏങ്ങനെ പരിഹരിക്കാം, പ്രയാസങ്ങള്‍ക്ക് എങ്ങനെ അറുതി വരുത്താം എന്നീ ചിന്തകളാണ് സര്‍ക്കാറിനെ നയിച്ചത്. തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം പൊതുജനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും പങ്കാളികളായി. മേപ്പാടി ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കാണ് നിര്‍വ്വഹിച്ചത്. പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ ഭൂമിയുടെ രജിസ്‌ട്രേഷന്‍ ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഇളവ് നല്‍കി. പുനരധിവാസ പദ്ധതിക്കായി സ്ഥലം വാങ്ങി നല്‍കിയ മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനവും അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സഹായത്തോടൊപ്പം സന്നദ്ധ സംഘടനകളുടെ സഹായവും പദ്ധതിക്കായി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ സ്വാഗതവും ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള റിപ്പോര്‍ട്ടും അവതരിപ്പിച്ചു. രാഹുല്‍ഗാന്ധി എം.പി യുടെ സന്ദേശം ജില്ലാകളക്ടര്‍ വായിച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്,. അസിസ്റ്റന്റ് കളക്ടര്‍ ഡോ.ബല്‍പ്രീത് സിങ്, ഡെപ്യൂട്ടി കളക്ടര്‍ ഇ.മുഹമ്മദ് യൂസഫ്, തഹസില്‍ദാര്‍ ടി.പി അബ്ദുള്‍ ഹാരിസ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കാളികളായി. ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ച് പ്രദേശത്ത് വൃക്ഷതൈകളും നട്ടു.
പുത്തുമല

Leave A Reply

Your email address will not be published.