ലൊസാഞ്ചലസ്∙ യുഎസിൽ നടുറോഡിൽ ആയോധനാഭ്യാസം നടത്തിയ സിഖ് യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു. മുപ്പത്തിയാറുകാരനായ ഗുർപ്രീത് സിങ്ങാണ് കൊല്ലപ്പെട്ടത്. സിഖ് വംശജരുടെ പരമ്പരാഗത ആയോധന കലയായ ‘ഗട്ക’ അഭ്യാസം നടത്തവേയാണ് ഗുർപ്രീതിനെ ലൊസാഞ്ചലസ് പൊലീസ് വെടിവെച്ചത്.
റോഡിൽനിന്ന് കത്തിയുമായി അഭ്യാസം നടത്തുകയായിരുന്നു ഗുർപ്രീത്. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരിക്കുകയും പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് വെടിവെച്ചതെന്ന് ലൊസാഞ്ചലസ് പൊലീസ് പറഞ്ഞു. ഗട്ക അഭ്യാസത്തിനുപയോഗിക്കുന്ന ഇരുവശവും മൂർച്ചയുള്ള ‘ഖണ്ഡ’ ആണ് ഗുർപ്രീതിന്റെ പക്കലുണ്ടായിരുന്നതെന്ന് പിന്നീട് തെളിഞ്ഞു.
ജൂലൈ 13നായിരുന്നു സംഭവം. ലൊസഞ്ചലസിലെ ഫിഗുറോവ തെരുവിനും ഒളിംപിക് ബൊളിവാഡിനും ഇടയിലുള്ള തിരക്കേറിയ റോഡിൽ ഒരാൾ ആയുധം വീശി നടക്കുന്നുവെന്ന ഒട്ടേറെ ഫോൺ സന്ദേശങ്ങൾ ലഭിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗുർപ്രീത് തന്റെ കാർ റോഡിന് നടുവിലായി നിർത്തിയിട്ടിരുന്നെന്നും ഇടയ്ക്ക് ഖണ്ഡ ഉപയോഗിച്ച് നാവു മുറിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. ആയുധം താഴെ വയ്ക്കാൻ പൊലീസ് ഒട്ടേറെത്തവണ ഗുർപ്രീതിനോട് ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. പൊലീസ് അടുത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ ഗുർപ്രീത് ഉദ്യോഗസ്ഥർക്കുനേരെ കുപ്പിയെറിഞ്ഞു. തുടർന്ന് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ മറ്റൊരു പൊലീസ് വാഹനത്തെ ഇടിക്കുകയും ചെയ്തു. കാറിൽ നിന്നിറങ്ങി പൊലീസിനു നേരെ പാഞ്ഞടുത്തപ്പോഴാണ് വെടിവെച്ചതെന്ന് ലൊസാഞ്ചലസ് പൊലീസ് പറഞ്ഞു.