Latest

14 വയസ്സുകാരിയെ പീഡിപ്പിച്ചു, ലഹരിമരുന്ന് വിൽപനക്കാരിയാക്കി; പ്രതിയായ രണ്ടാനച്ഛന് 55 വർഷം കഠിന തടവ്

തിരുവനന്തപുരം ∙ 14 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി അയൽസംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ലഹരിമരുന്നു വിൽപനക്കാരിയാക്കുകയും ചെയ്ത കേസിൽ രണ്ടാനച്ഛനായ മാറനല്ലൂർ സ്വദേശിക്ക് 55 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയുടേതാണ് വിധി. പിഴത്തുക കുട്ടിക്ക് നൽകണം.

2019 -20 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയെ പ്രതി വിവാഹം കഴിച്ചത്. നാഗർകോവിലിൽ വാടകയ്ക്കു താമസിക്കുമ്പോൾ അമ്മ വീട്ടിൽ ഇല്ലാത്ത സമയത്തു പ്രതി കുട്ടിയെ പീഡിപ്പിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെ ആന്ധ്രയിലെ വിശാഖപട്ടണത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചു. ലഹരിമരുന്ന് കച്ചവടത്തിനു വേണ്ടിയാണ് പ്രതി മറ്റു സംസ്ഥാനങ്ങളിൽ പോയത്. കുട്ടിയെ അമ്മയും ഭീഷണിപ്പെടുത്തി ലഹരിമരുന്നു കച്ചവടത്തിനു വിടുമായിരുന്നു.

കുട്ടി അച്ഛനെയും സഹോദരനെയും ഫോണിൽ വിളിച്ച് പീഡനവിവരം പറയാൻ ശ്രമിച്ചപ്പോൾ പ്രതി ഭീകരമായി മർദിച്ചു.തിരുവനന്തപുരത്ത് തിരുമലയിൽ താമസിക്കാൻ വന്ന ശേഷവും പീഡനം തുടർന്നു. തുടർന്ന് കുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കളാണ് പൊലീസിൽ അറിയിച്ചത്. ഇയാൾ ഒരു കൊലക്കേസിലും പ്രതിയാണ്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ ആർ.അരവിന്ദ് എന്നിവർ ഹാജരായി. പൂജപ്പുര ഇൻസ്പെക്ടർ ആയിരുന്ന വിൻസന്റ് എം.എസ്.ദാസ്, ആർ.റോജ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.