Listen live radio

നമ്പർ 18 കസ്റ്റംസിന്റെ കരിമ്പട്ടികയിലുള്ള ഹോട്ടൽ; മോഡലുകളുടെ മരണം റെയ്ഡിന് പദ്ധതി ഇട്ടതിന്റെ തലേന്ന്

after post image
0

- Advertisement -

 

 

 

കൊച്ചി: ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽ ഒക്ടോബർ 28ന് വലിയതോതിൽ രാസലഹരി എത്തിയതായി വിവരം. ഇത് സംബന്ധിച്ച് അധികൃതർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്റും സംയുക്ത റെയ്ഡിന് പദ്ധതി ഇട്ടതിന്റെ തലേദിവസമായിരുന്നു അപകടത്തിൽ കൊല്ലപ്പെട്ട മോഡലുകൾ പങ്കെടുത്ത പാർട്ടി ഹോട്ടലിൽ നടന്നത്. നേരത്തേയും ഇതേ ഹോട്ടലിൽ കസ്റ്റംസും എക്സൈസും പരിശോധന നടത്തിയിട്ടുണ്ട്. എന്നാൽ വിവരം ചോർന്ന് ലഹരി ഇടപാടുകാർ രക്ഷപെടുകയായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ പഴുതടച്ച റെയ്ഡിനാണ് അധികൃതർ തയ്യാറെടുത്തിരുന്നത്.

കൊച്ചിയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ കരിമ്പട്ടികയിലുള്ള അഞ്ച് ഹോട്ടലുകളിൽ ഒന്നാണ് നമ്പർ 18. ഹോട്ടലിൽ സൈജു തങ്കച്ചന്റെ സാന്നിധ്യം തുടർച്ചയായി ഉണ്ടായിരുന്നതായും വിവരമുണ്ട്. നിലവിൽ ഇയാൾ ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവദിവസം രാത്രി മോഡലുകളെ സൈജു കാറിൽ പിന്തുടർന്നിരുന്നു. കാറിന് അപകടം സംഭവിച്ചുവെന്നും മോഡലുകൾ കൊല്ലപ്പെട്ടു എന്നുമുള്ള വിവരം സൈജുവാണ് ഹോട്ടലുടമയേയും ജീവനക്കാരേയും വിളിച്ച് അറിയിച്ചത്. ഇതേ തുടർന്നാണ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ഹോട്ടലുടമയായ റോയി നിർദ്ദേശം നൽകിയത്.

റോയിക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് അൻസിയുടെയും അഞ്ജന ഷാജന്റെയും കുടുംബങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരുടേയും കുടുംബാംഗങ്ങളുടെ മൊഴി എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. നമ്പർ 18 ഹോട്ടലിൽ നിന്ന് കാണാതായ ഹാർഡ് ഡിസ്‌ക് കണ്ടെത്തി പരിശോധിക്കണം, ഹോട്ടലുടമയായ റോയിക്കെതിരെ അന്വേഷണം വേണം, ഇയാളുടെ നിർദ്ദേശപ്രകാരമാണോ സൈജു പിന്തുടർന്നത് എന്നന്വേഷിക്കണം തുടങ്ങിയവയാണ് പരാതിയിലെ ആവശ്യങ്ങൾ. അഞ്ജനയുടെ വാഹനത്തെ മുമ്പും ചില അജഞാതർ പിന്തുടർന്നിരുന്നു എന്ന സംശയവും ഇവരുടെ കുടുംബം പൊലീസിനെ അറിയിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.